ട്രഷറി നിയന്ത്രണം; ഡയാലിസിസ് രോഗികളും ബുദ്ധിമുട്ടുന്നു

നെടുങ്കണ്ടം: ശമ്പളക്കുടിശ്ശിക വിതരണത്തിനു ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഡയാലിസിസ് രോഗികള്‍ക്കും കിടപ്പുരോഗികള്‍ക്കുമുള്ള ധനസഹായ വിതരണവും നിലച്ചു. ജില്ലയിലാകമാനം നൂറുകണക്കിനു രോഗികള്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായി.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള 30 പേരുടെ ഡയാലിസിസ് ധനസഹായമാണു ട്രഷറി നിയന്ത്രണത്തെ തുടര്‍ന്നു മുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് 1000 രൂപ വീതം ധനസഹായം നല്‍കിയിരുന്നു. ട്രഷറികളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെട്ടു തുടങ്ങിയതോടെ രോഗികളും ദുരിതത്തിലായി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ബില്ലുകള്‍ പാസാക്കി നല്‍കാത്തതാണു ഡയാലിസിസ് രോഗികള്‍ക്കു പണം ലഭിക്കാത്തതിനു കാരണം. കിടപ്പുരോഗികള്‍ക്കു ചികില്‍സാസഹായ വിതരണവും മുടങ്ങിയതോടെ ജില്ലയിലെ ത്രിതല പഞ്ചായത്തുകളും വിഷമവൃത്തത്തിലായി. അടിയന്തര ചികില്‍സാ ആവശ്യമായവരെ ത്രിതല പഞ്ചായത്തു ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്നു പണം സ്വരൂപിച്ചാണു ഡയാലിസിസിന് അയയ്ക്കുന്നത്. ക്രിസ്മസ്, പുതുവല്‍സര സീസണെത്തിയതോടെ ട്രഷറികളില്‍ ബില്ലുകള്‍ കുന്നുകൂടിയതിനാല്‍ ട്രഷറിവകുപ്പ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാണു പുറത്തുവരുന്ന വിവരം.
ഇതിന്റെ ഭാഗമായാണു വിരമിച്ച ഉേദ്യാഗസ്ര്‍ക്കു കുടിശികയായിട്ടുള്ള ശമ്പളവിതരണവും മുടങ്ങിയത്. കഴിഞ്ഞ മാര്‍ച്ചിനുശേഷം റിട്ടയര്‍ ചെയ്ത പൊലീസുകാര്‍ക്കാണു കുടിശികയായ ശമ്പളം ലഭിക്കാതെ വന്നത്. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിനുശേഷം വര്‍ധിപ്പിച്ച ശമ്പളം മൂന്നു ഗഡുക്കളായി പൊലീസ് ഉദേ്യാഗസ്ഥര്‍ക്കു നല്‍കാമെന്നു ധനവകുപ്പും ആഭ്യന്തരവകുപ്പും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.
ഏപ്രില്‍ വരെയുള്ള കുടിശിക ആദ്യഗഡുവായി പൊലിസുകാര്‍ക്കു വിതരണം ചെയ്തിരുന്നു. ഇതിനുശേഷം രണ്ടാം ഗഡു ഒക്ടോബറിലാണു വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ക്രിസ്മസ്, പുതുവല്‍സര സീസണെത്തിയിട്ടും വിരമിച്ച ഉേദ്യാഗസ്ഥര്‍ക്കും സര്‍വീസിലുള്ളവര്‍ക്കും പണം ലഭിച്ചിട്ടില്ല. പണദൗര്‍ലഭ്യത്തെ തുടര്‍ന്നു ട്രഷറി നിയന്ത്രണമേര്‍പ്പെടുത്തിയതാണു പ്രതിസന്ധിക്കു കാരണമെന്നാണു ജില്ലയിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരിക്കുന്ന വിശദീകരണം. ഇതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. പൊലിസ് കുടിശിക ശമ്പള ബില്ലുകള്‍ കൃത്യമായി ട്രഷറി വകുപ്പിനു നല്‍കിയെന്നാണ് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ട്രഷറി ഈ ബില്ലുകള്‍ മടക്കിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.

RELATED STORIES

Share it
Top