ട്രഷറിയില്‍ 100 രൂപയുടെ മുദ്രപത്രം കിട്ടാനില്ല; കരിഞ്ചന്തയില്‍ സുലഭം

കാസര്‍കോട്: ട്രഷറിയില്‍ നിന്ന് 100 രൂപയുടെ മുദ്രപത്രം വിതരണം നിര്‍ത്തി മാസങ്ങളായെങ്കിലും മുദ്രപേപ്പര്‍ വെണ്ടര്‍മാരുടെ കൈയില്‍ 100 രൂപയുടെ മുദ്രപേപ്പര്‍ യഥേഷ്ടം ലഭിക്കുന്നു. ട്രഷറിയില്‍ നിന്നും എല്ലാ ദിവസും ഉച്ചകഴിഞ്ഞ് പണം അടച്ച് അടുത്ത ദിവസത്തേക്കുള്ള മുദ്രപേപ്പര്‍ വാങ്ങുകയാണ് പതിവ്.
എന്നാല്‍ ട്രഷറില്‍ മാസങ്ങളായി 100 രൂപയുടെ മുദ്രപേപ്പര്‍ വിതരണത്തിന് എത്തുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതര ജില്ലകളില്‍ നിന്ന് ജില്ലയില്‍ 100 രൂപയുടെ മുദ്ര പേപ്പര്‍ എത്തുന്നത്. മുദ്ര പത്രത്തില്‍ എഴുതി രജിസ്റ്റര്‍ ചെയ്താല്‍ ആധികാരിക രേഖയാവുന്നതിനാല്‍ ജില്ലയിലെ ട്രഷറിയില്‍ നിന്നല്ലാതെ വാങ്ങുന്ന മുദ്ര പേപ്പര്‍ നിയമപരമായി സാധുതയില്ലാത്തതാണ്. 100 രൂപയുടെ മുദ്ര പേപ്പര്‍ ഇല്ലാത്തതിനാല്‍ 10 രൂപയുടെ മുദ്രപേപ്പര്‍ 100 രൂപയുടെ മുല്യമുള്ള മുദ്രപേപ്പറായി ബുധനാഴ്ച മുതല്‍ ഇറക്കാന്‍ തീരുമാനിച്ചതിനിടയിലാണ് ജില്ലയില്‍ കരിചന്തയില്‍ മുദ്രപേപ്പര്‍ എത്തിയിരിക്കുന്നത്.
പാലക്കാട് കേന്ദ്രീകരിച്ച്  പ്രവര്‍ത്തിക്കുന്ന സംഘമാണ് ജില്ലയില്‍ മുദ്രപേപ്പര്‍ എത്തിക്കുന്നതെന്നാണ് വിവരം. 10 രൂപയുടെ മുദ്ര പേപ്പറിന്റെ മൂല്യം കൂട്ടുന്നതോടുകൂടി കരിചന്തക്കാര്‍ സ്റ്റോക്ക് ചെയ്ത 100 രൂപയുടെ മുദ്രപത്രം വിറ്റു തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജില്ലയില്‍ മുദ്രപത്രം എത്തിയതെന്നാണ് വിവരം.
കാസര്‍കോട് താലൂക്ക് ഓഫിസ് പരിസരത്തും പുതിയ ബസ് സ്റ്റാന്റ് പരിസരത്തും 100 രൂപയുടെ മുദ്രപത്രം യഥേഷ്ടം ലഭിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം അന്വേഷണം നടത്തിയെങ്കിലും മുദ്ര പത്ര റാക്കറ്റ് സംഘത്തെ പിടികൂടാനായില്ല.

RELATED STORIES

Share it
Top