ട്രഷറിയില്‍ സൂക്ഷിച്ച ഒരു കോടിയോളം രൂപ സര്‍ക്കാര്‍ പിന്‍വലിച്ചു

എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ ഭരണ ചിലവുകള്‍ക്കായി ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന ഒരു കോടിയോളം രൂപ സര്‍ക്കാര്‍ പിന്‍വലിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ പണം പിന്‍വലിച്ച നടപടി പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ആശങ്ക.
സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ട്രഷറികളില്‍ സൂക്ഷിച്ചിരുന്ന ഒരു കോടിയിലധികമുള്ള ചെലവാക്കാത്ത പണം പിന്‍വലിച്ച് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് എരുമപ്പെട്ടി പഞ്ചായത്തിന് അനുവദിച്ച പണം യാതൊരു മുന്നറിയിപ്പുമില്ലാതെ പിന്‍വലിച്ചതെന്ന് എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഗോവിന്ദന്‍ കുട്ടി പറഞ്ഞു.
പണം പിന്‍വലിക്കുന്നതുമൂലം ഭരണപരമായ പ്രതിസന്ധി രൂക്ഷമാകുമെന്ന് വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ ട്രഷറി അക്കൗണ്ടില്‍ നിന്നും ഒരു കോടി മുപ്പത്തൊന്ന് ലക്ഷം രൂപയാണ് പിന്‍വലിച്ചത്. സംസ്ഥാനത്തെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നുമായി 6,021 കോടി രൂപയാണ് ഇതുപോലെ പിന്‍വലിച്ചിട്ടുള്ളത്.
സംസ്ഥാനത്തിന്റെ വായ്പാ ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് പണം പിന്‍വലിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള തുകയാണ് എസ്ടിഎസ്ബിഎസ് അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നേരിട്ടുള്ള നികുതി വരുമാനമായ പ്രഫഷണല്‍ ടാക്‌സ്, അംഗന്‍വാടി കുട്ടികളുടെ പോഷകാഹാരത്തിന്റെ കേന്ദ്ര വിഹിതം ഉള്‍പ്പെടെയുള്ള ഗ്രാന്റുകള്‍ അടക്കം പിന്‍വലിച്ച തുകയില്‍ ഉള്‍പ്പെടും. പഞ്ചായത്ത് ഭരണം ദുരിതത്തിലാക്കുന്ന ഇത്തരം നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശസ്വയം ഭരണ മന്ത്രി കെ ടി ജലീലിന് പരാതി സമര്‍പ്പിച്ചിരിക്കുകയാണ് എരുമപ്പെട്ടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍.

RELATED STORIES

Share it
Top