ട്രംപ് ടവറില്‍ അഗ്നിബാധ; ഒരു മരണം

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ആറ് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ടവറിന്റെ 50ാം നിലയിലാണ് ശനിയാഴ്ച വൈകീട്ട് ആറോടെ തീ പടര്‍ന്നത്.
തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പൊള്ളലേറ്റത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ടവറിന്റെ 50ാം നിലയില്‍ താമസിക്കുന്ന 67കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ട്രംപ് ടവറിലെ തീപ്പിടിത്തം നിയന്ത്രണവിധേയമായതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ട്വീറ്റ് ചെയ്തു. മികച്ച രീതിയില്‍ നിര്‍മിച്ച കെട്ടിടമാണിതെന്നു ചൂണ്ടിക്കാട്ടിയ ട്രംപ്, അഗ്നിബാധ നിയന്ത്രണവിധേയമാക്കിയ അഗ്നിശമന സേനയെ അഭിനന്ദിച്ചു. ഇതിനു പിന്നാലെ തീപ്പിടിത്തം ആശങ്കാജനകമാണെന്നും കെട്ടിടത്തില്‍ നിന്നു പുക പുറത്തുവരുന്നതിനാല്‍ തീ നിയന്ത്രണവിധേയമായതായി കരുതാനാവില്ലെന്നും ന്യൂയോര്‍ക്ക് ഫയര്‍ ഡിപാര്‍ട്ട്‌മെന്റ് കമ്മീഷണര്‍ ഡാനിയേല്‍ നിഗ്രോ അറിയിച്ചു. തീ പടര്‍ന്ന വിവരം അറിഞ്ഞതോടെ ജനം ഭയവിഹ്വലരായി ഒാടുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ സ്പ്രിന്‍ഗ്ലറുകള്‍ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.

RELATED STORIES

Share it
Top