ട്രംപ് ഇന്ന് ബ്രിട്ടനില്‍; കാത്തിരിക്കുന്നത് വന്‍ പ്രതിഷേധം

ലണ്ടന്‍:  ബ്രസ്സല്‍സിലെ നാറ്റോ ഉച്ചകോടിക്കുശേഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ബ്രിട്ടനിലെത്തും. രണ്ട് കാബിനറ്റ് മന്ത്രിമാരുടെ രാജിയെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് ട്രംപിന്റെ സന്ദര്‍ശനം. പ്രസിഡന്റായശേഷം ട്രംപ്  ആദ്യമായാണ്  ബ്രിട്ടനിലെത്തുന്നത്.
വിന്‍സര്‍ കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിയുമായും പ്രധാനമന്ത്രി തെരേസ മേയുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. ലണ്ടനു പുറത്ത് ബക്കിങ്ഹാംഷെയറിലുള്ള പ്രധാനമന്ത്രിയുടെ വസതിയായ ചെക്കേഴ്‌സിലാവും ഇരു നേതാക്കളുടെയും കൂടിക്കാഴ്ച.
പ്രതിഷേധക്കാരെ ഭയന്നാണു ലണ്ടനിലെ കൂടിക്കാഴ്ച ഒഴിവാക്കിയത്. ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച്് നിരവധി സംഘടനകള്‍ സംയുക്തമായി വന്‍ പ്രതിഷേധപരിപാടികളാണു ലണ്ടനില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ട്രംപിന്റെ മുസ്‌ലിം വിരുദ്ധ നയങ്ങളിലും പരസ്യമായ ബ്രെക്‌സിറ്റ് അനുകൂല നിലപാടുകളിലും അംഗപരിമിതരും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും എതിരായ നയങ്ങളിലും പ്രതിഷേധം അറിയിക്കാന്‍ റാലികളില്‍ ആയിരങ്ങള്‍ അണിനിരക്കും.
സന്ദര്‍ശന വേളയില്‍ തലസ്ഥാന നഗരിയുടെ ആകാശത്തുകൂടെ പറത്താന്‍ ആറ് മീറ്റര്‍ ഉയരത്തിലുള്ള ട്രംപിന്റെ ബലൂണ്‍ ശില്‍പ്പവും പ്രതിഷേധക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശനത്തോടു പരസ്യമായ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top