ട്രംപുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് ആഗ്രഹിക്കുന്നുവെന്ന് കിം

പ്യോങ്‌യാങ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി രണ്ടാം ഉച്ചകോടി നടത്താന്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. മൂന്നു ദിവസത്തെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മൂണ്‍ ജെ ഇന്‍.
ആണവനിരായുധീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും കൊറിയന്‍ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാനും കിം ആഗ്രഹിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ആണവനിരായുധീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയെ വീണ്ടും ഉത്തര കൊറിയയിലേക്ക് ക്ഷണിക്കുന്നുവെന്നും കിം ജോങ് ഉന്‍ പറഞ്ഞതായി ഇന്‍ വ്യക്തമാക്കി.
2032ലെ ഒളിംപിക്‌സിന് വേദിയാവാന്‍ ഇരുകൊറിയകളും ഒന്നിച്ച് അപേക്ഷ നല്‍കാനും കൊറിയന്‍ യുദ്ധത്തോടെ രണ്ടു രാജ്യങ്ങളിലായി ഭിന്നിച്ചുപോയ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് പുനസമാഗമം നടത്താന്‍ സ്ഥിരകേന്ദ്രം നിര്‍മിക്കാനും അതിര്‍ത്തിയിലെ സൈനികസാന്നിധ്യം കുറയ്ക്കാനും ഉച്ചകോടിയില്‍ തീരുമാനമായിരുന്നു.
കൊറിയകളുടെ ആത്മീയ ജനനകേന്ദ്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഉത്തര കൊറിയയിലെ പെക്റ്റു പര്‍വതത്തില്‍ കിം ജോങ് ഉന്നും മൂണ്‍ ജെ ഇന്നും സന്ദര്‍ശനം നടത്തി.
ഉത്തര കൊറിയയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യുഎസ് തയ്യാറാണെന്നും 2021ഓടെ മേഖലയില്‍ പൂര്‍ണ ആണവനിരായുധീകരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പോംപിയോ നേരത്തേ അറിയിച്ചിരുന്നു.

RELATED STORIES

Share it
Top