ട്രംപിന്റെ സംഭാഷണം ചോര്‍ത്താന്‍ നിര്‍ദേശം നല്‍കിയെന്ന് വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സംഭാഷണം ചോര്‍ത്താന്‍ 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചിരുന്നതായി വെളിപ്പെടുത്തല്‍. കൂടാതെ വൈറ്റ് ഹൗസില്‍ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യാന്‍ ഭരണഘടനാ ഭേദഗതിക്കു കാബിനറ്റിലെ പുതിയ അംഗങ്ങളോട് അഭ്യര്‍ഥിച്ചിരുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ടില്‍ പറയുന്നു.
എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ ട്രംപ് പുറത്താക്കിയതിനു ശേഷം 2017ലാണ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസന്‍സ്റ്റീന്‍ ഇങ്ങനെ നിര്‍ദേശിച്ചതെന്നു പറയുന്നു. കോമിയെ പുറത്താക്കിയ ശേഷം ആക്ടിങ് ഡയറക്ടറായ ആന്‍ഡ്രൂ മാക് കാബിന്റെ മെമ്മോകളെ ചൂണ്ടിക്കാട്ടിയാണ് റിപോര്‍ട്ട്. എന്നാല്‍, നിര്‍ദേശം നടപ്പായില്ലെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മാക് കാബിന്റെ മെമ്മോകള്‍ എങ്ങനെ പുറത്തായി എന്നതിനെ കുറിച്ച് യാതൊരു അറിവുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ റോസന്‍സ്റ്റീന്‍ തള്ളി. ടൈംസിന്റെ ആരോപണങ്ങള്‍ വാസ്തവവിരുദ്ധവും സത്യസന്ധവുമല്ലെന്നും വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കലാണ് വാര്‍ത്ത നല്‍കിയ വ്യക്തിയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപോര്‍ട്ടിനോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. റോസന്‍സ്റ്റീനെ പുറത്താക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ട്രംപും മറുപടി നല്‍കിയില്ല.
അതേസമയം, റഷ്യന്‍ ഇടപെടലിലെ അന്വേഷണരേഖകള്‍ ഉടന്‍ പുറത്തുവിടില്ല. റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച എഫ്ബിഐ അന്വേഷണരേഖകളും ട്രംപ് തന്നെ ഇറക്കിയ ഉത്തരവുകളും കഴിഞ്ഞ ദിവസം രഹസ്യസ്വഭാവ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരേ സുരക്ഷാപ്രശ്‌നം ഉയര്‍ത്തി നീതിന്യായവകുപ്പും യുഎസ് സഖ്യകക്ഷികളും രംഗത്തെത്തിയതാണ് രേഖകള്‍ പുറത്തുവിടുന്നതില്‍ താമസം നേരിടുന്നത്.

RELATED STORIES

Share it
Top