ട്രംപിന്റെ ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത വൈറ്റ് ഹൗസ് തള്ളി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ ത്തുന്നുവെന്ന വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചു.
ട്രംപിന്റെ സെല്‍ഫോണ്‍ സംഭാഷണങ്ങള്‍ ചൈനയിലേയും റഷ്യയിലേയും ചാരസംഘങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും രാജ്യത്തിനും പ്രസിഡന്റിനും ഭീഷണിയാണിതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇതു വ്യാജമാണെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ഫോണ്‍ ചോര്‍ത്തലിനെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപോര്‍ട്ടിനെ തുടര്‍ന്ന് ലാന്‍ഡ് ലൈന്‍ മാത്രമുപയോഗിക്കാന്‍ ഉപദേഷ്ടാക്കള്‍ ട്രംപിനോട് ആവശ്യപ്പെട്ടുവെന്നും ട്രംപ് അതിന് തയ്യാറായില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. ട്രംപിന്റെ സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങളില്‍ ഭരണകാര്യങ്ങളും ഉള്‍പ്പെടുന്നുവെന്നും തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇതുവഴി ചോര്‍ത്തപ്പെടുന്നുവെന്നുമാണ് റിപോര്‍ട്ടിലുണ്ടായിരുന്നത്.
എന്നാല്‍, ട്രംപിന് സ്വകാര്യ ഉപയോഗത്തിന് മൊബൈല്‍ ഫോണില്ലെന്നും ആകെ ഉപയോഗിക്കുന്ന ഒരു ഐഫോണ്‍ ഔദ്യോഗിക ആവശ്യത്തിനുള്ളതാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഔദ്യോഗിക ഫോണുകള്‍ മാത്രമാണ് താനുപയോഗിക്കുന്നതെന്നു ട്രംപും പ്രതികരിച്ചു.

RELATED STORIES

Share it
Top