ട്രംപിന്റെ നടപടിക്ക് തിരിച്ചടി; 29 അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: യുഎസില്‍നിന്നുള്ള 29 ഉല്‍പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഇന്ത്യ വര്‍ധിപ്പിച്ചു. ഇരുമ്പ്, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവയുടെ നികുതിയാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉയര്‍ന്ന തീരുവ ചുമത്തിയിരുന്നു. ഇതിനു മറുപടിയായാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യക്ക് പുറമെ മറ്റു ചില രാജ്യങ്ങളും യുഎസ് ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ വര്‍ധിപ്പിച്ചിരുന്നു.
28 ഉല്‍പന്നങ്ങളുടെ തീരുവയില്‍ വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ആര്‍ടിമിയ എന്ന കൊഞ്ചുവര്‍ഗത്തില്‍പ്പെട്ട സമുദ്രോല്‍പന്നത്തിന് ആഗസ്ത നാല് മുതലാവും വര്‍ധന നിലവില്‍വരുകയെന്നും ധനമന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു. യുഎസില്‍ നിന്നുള്ള പയറിനും കടലയ്ക്കും 70 ശതമാനമാണ് പുതുക്കിയ തീരുവ. നേരത്തേ ഇത് 30 ശതമാനമായിരുന്നു. പരിപ്പുവര്‍ഗത്തില്‍പ്പെട്ട ഉല്‍പന്നങ്ങളുടെ തീരുവ 30ല്‍ നിന്ന് 40 ശതമാനമാക്കി. വാള്‍നട്ടിന് 120 ശതമാനം തീരുവ ഈടാക്കും. 30 ശതമാനമായിരുന്നു നേരത്തേ ഇത്. ആപ്പിളിന്റെ ചുങ്കം 50ല്‍ നിന്ന് 75 ശതമാനമായി വര്‍ധിപ്പിക്കും.
ബോറിക് ആസിഡിന്റെ നികുതി 17.50 ശതമാനമായും ഫോസ്‌ഫോറിക് ആസിഡിന്റേത് 20 ശതമാനമായും വര്‍ധിപ്പിക്കും. ചികില്‍സാരംഗത്ത് യുഎസില്‍ നിന്നുള്ള ഡയഗ്‌നോസ്റ്റിക് റീ ഏജന്റുകളുടെ വില വര്‍ധിക്കും. 10ല്‍ നിന്ന് 20 ശതമാനമായി ഇവയുടെ തീരുവ വര്‍ധിപ്പിച്ചു. തീരുവ വര്‍ധിപ്പിക്കുന്ന ഉല്‍പന്നങ്ങളുടെ പട്ടിക ഇന്ത്യ ലോക വ്യാപാര സംഘടനയ്ക്ക് (ഡബ്ല്യുടിഒ) കൈമാറിയിരുന്നു. യുഎസില്‍ നിന്നുള്ള 800 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള മോട്ടോര്‍ സൈക്കിളുകളടക്കം 30 ഉല്‍പന്നങ്ങളുടെ പട്ടികയായിരുന്നു കൈമാറിയത്. എന്നാല്‍, മോട്ടോര്‍ സൈക്കിളുകളുടെ തീരുവ വര്‍ധന സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പരാമര്‍ശമില്ല.
നേരത്തേ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലൂമിനിയം തുടങ്ങിയ ഉല്‍പന്നങ്ങളുടെ തീരുവയാണ് യുഎസ് വര്‍ധിപ്പിച്ചത്.

RELATED STORIES

Share it
Top