ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്ത് യുഎന്‍

പാരിസ്: ഇറാന്‍ ആണവകരാറില്‍ നിന്നു പിന്‍മാറിയ യുഎസ് പ്രസിഡന്റിന്റെ നീക്കം തെറ്റാണെന്ന് ഐക്യരാഷ്ട്ര സഭ. യുഎന്‍ മേല്‍നോട്ടത്തിലുണ്ടാക്കിയ കരാറില്‍ നിന്നു പിന്‍മാറാനുള്ള യുഎസ് തീരുമാനം ഏറെ ആശങ്കയുയര്‍ത്തുന്നതാണെന്നു സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് പറഞ്ഞു. കരാര്‍ നടപ്പാക്കുന്നതിനു നിശ്ചയിക്കപ്പെട്ട മാര്‍ഗങ്ങളുപയോഗിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. കരാറുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ തുറന്ന ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് യുഎസ് പിന്‍വാങ്ങിയതായും ഇറാനുമേല്‍ മുമ്പുണ്ടായിരുന്നു ഉപരോധങ്ങള്‍ പുനസ്ഥാപിക്കുമെന്നും ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. കാരാര്‍ അപാകതകള്‍ നിറഞ്ഞതാണെന്നാരോപിച്ചായിരുന്നു ട്രംപിന്റെ പിന്‍മാറ്റം.
2015 ലാണ്  യുഎന്‍ മേല്‍നോട്ടത്തില്‍  യുഎസ്, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, ചൈന, ജാപ്പാന്‍ എന്നീ രാജ്യങ്ങളുമായി  ജനീവയില്‍ വച്ച് ഇറാന്‍ ആണവകരാറില്‍ ഒപ്പിട്ടത്. തുടര്‍ന്ന് ഇറാനുമേല്‍ യുഎന്നും യുഎസും യൂറോപ്യന്‍ യൂനിയനും ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ എടുത്തുമാറ്റിയിരുന്നു.

RELATED STORIES

Share it
Top