ട്രംപിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഇറാന്‍

തെഹ്‌റാന്‍: ആണവകരാറില്‍ മാറ്റം വേണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഇറാന്‍. 2015ലെ ആണവകരാറില്‍ ഒരു തരത്തിലുള്ള മാറ്റവും അംഗീകരിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ആണവകരാറിലെ  പിഴവുകള്‍ പരിഹരിച്ചില്ലെങ്കില്‍ കരാറില്‍ നിന്നു പിന്‍മാറുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം.
120 ദിവസത്തിനകം ആണവകരാറിന് ഉപകരാര്‍ ഉണ്ടാക്കണമെന്നും അതില്ലെങ്കില്‍ യുഎസ് ഏകപക്ഷീയമായി കരാറില്‍ നിന്നു പിന്തിരിയുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് ഇറാന് നല്‍കുന്ന അവസാന അവസരമാണെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി. എന്നാല്‍, ഒരിക്കല്‍ കൂടി ഇറാനെതിരായ ഉപരോധങ്ങള്‍ നീട്ടിവയ്ക്കുന്നത് തന്റെ സ്വകാര്യ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ഇറാനിലെ 14 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യുഎസ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. ജഡ്ജി  ആയത്തുല്ലാ സാദിഖ് അമുലി ലരിജാനിയും ഇതില്‍ ഉള്‍പ്പെടും. ഉപകരാറിലൂടെ ഇറാന്റെ ആണവസമ്പുഷ്ടീകരണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ട്രംപിന്റെ നീക്കം.
നിലവിലെ കരാറിലെ നിബന്ധനകള്‍ക്കു പുറത്തേക്കു പോവാനാവില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇപ്പോഴോ ഭാവിയിലോ കരാറില്‍ ഒരു മാറ്റവും വരുത്തില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കുന്നതിനു പകരമായി രാജ്യത്തിനെതിരായ ഉപരോധങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനുള്ള സംയുക്ത സമഗ്ര കര്‍മപദ്ധതി (ജെസിപിഒഎ) എന്ന ആണവകരാര്‍ 2015ലാണ് നിലവില്‍ വന്നത്. യുഎസിനു പുറമേ ചൈന, ഫ്രാന്‍സ്്, റഷ്യ, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനുമാണ്  കരാറില്‍ ഒപ്പുവച്ചത്. ഒബാമ യുഎസ് പ്രസിഡന്റായിരിക്കേ ഒപ്പുവച്ച കരാറിനോട് ട്രംപ് നേരത്തേ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
ഇറാനെതിരായ ഉപരോധങ്ങള്‍ അവസാനിപ്പിക്കുന്നതായി ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 120 ദിവസം കൂടുമ്പോള്‍ യുഎസ് നിയമപ്രകാരം കരാര്‍ നവീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. വളരെയധികം നിഷേധാത്മകമാണ് ട്രംപിന്റെ ഈ നിര്‍ദേശമെന്ന് റഷ്യന്‍ വിദേശകാര്യസഹമന്ത്രി സെര്‍ജീ റെയ്ബാകോവ് അഭിപ്രായപ്പെട്ടു.
ശക്തമായ ഒരു ബഹുകക്ഷി കരാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ട്രംപിന്റേതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് പ്രതികരിച്ചു. കരാറില്‍ എല്ലാ കക്ഷികളും തുടരണമെന്നു യൂറോപ്യന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. കരാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇറാന്‍ ആണവപദ്ധതിയെ തടയുക, നിരീക്ഷിക്കുക എന്ന പ്രധാന ലക്ഷ്യം നടപ്പാവുന്നുണ്ടെന്നും യൂറോപ്യന്‍ യൂനിയന്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top