ടോള്‍ പ്ലാസകളില്‍ നിന്നുള്ള ലാഭവിഹിതം സ്ഥലമുടമകള്‍ക്കും നല്‍കണം

തേഞ്ഞിപ്പലം: ദേശീയപാത 66 ബി.ഒ.ടി ചുങ്കപ്പാതയാക്കി വികസിപ്പിക്കുന്ന സാഹചര്യത്തില്‍ പാത വികസനത്തിനായി കിടപ്പാടവും ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക്, ബിഒടി കമ്പനികള്‍ക്ക് ടോള്‍ പ്ലാസയില്‍ നിന്ന് ലഭിക്കുന്ന വന്‍ ലാഭത്തില്‍ നിന്നുള്ള വിഹിതം അവരുടെ നഷ്ടത്തിന് ആനുപാതികമായി അനുവദിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, എന്‍ എച്ച് സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി കെ പ്രദീപ് മേനോന്‍  ആവശ്യപ്പെട്ടു.
ദേശീയപാത വികസനത്തിനായി നഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ഒരു സ്ഥിരവരുമാനം ഉറപ്പ് വരുത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, യാത്രക്കാ ര്‍ക്ക് കനത്ത ടോള്‍ ചുമത്തി കോടികള്‍ ലാഭം കൊയ്യുന്ന ബിഒടി കമ്പനികളുടെ അമിത ലാഭം ഇതിലൂടെ നിയന്ത്രിക്കുവാനും സാധിക്കും. ഇടപ്പളളി  മണ്ണുത്തി പാതയിലെ പാലിയേക്കരയില്‍ വെറും 312 കോടി രൂപ മുതല്‍ മുടക്കിയ ബിഒടി കമ്പനി മൂന്നു വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ച്  വന്‍ ലാഭത്തിലെത്തിയ കാര്യം അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു .ഇപ്പോള്‍ 500 കോടിയിലേറെ ലാഭമുണ്ടാക്കി അവിടെ ടോള്‍ പിരിവ് നിര്‍ബാധം തുടരുന്ന സാഹചര്യത്തില്‍ പാത വികസന പ്രക്രിയയില്‍ സ്വന്തം കിടപ്പാടവും ഭൂമിയും ത്യജിച്ച് ഏറ്റവും വലിയ മുതല്‍മുടക്ക് നടത്തുന്ന ഇരകളെ കാഴ്ചക്കാരാക്കി നിര്‍ത്തുന്നത് അനീതിയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top