ടോക്കണ്‍ ഡിസ്‌പ്ലെ ബോര്‍ഡ് നോക്കുകുത്തി

പെരിന്തല്‍മണ്ണ: ദിവസവും നൂറുകണക്കിന് രോഗികളെത്തുന്ന പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഒപി ടോക്കണ്‍ ഡിസ്‌പ്ലെ ബോര്‍ഡുകള്‍ പ്രവര്‍ത്തന രഹിതം. ഇതോടെ രോഗികള്‍ പേര് വിളിക്കുന്നതും കാത്ത് മണിക്കൂറുകളോളം കാത്തുനിന്ന് വലയുന്നതായി പരാതിയുണ്ട്്. മുമ്പ് വിവിധ ഭാഗങ്ങളില്‍ വിശ്രമിച്ചിരുന്നവര്‍ ടോക്കണ്‍ നമ്പറുകള്‍ തെളിയുന്നതിനനുസരിച്ചു ഒപി റൂമിലേക്ക് എത്താറായിരുന്നു പതിവ്. എന്നാല്‍, ഇപ്പോള്‍ പേര് വിളിക്കുന്നത് കാത്ത് മണിക്കൂറുകളോളം ബോര്‍ഡുകള്‍ക്ക് താഴെ നില്‍ക്കേണ്ടി വരുന്നു.
പല രോഗികളും കഠിന വേദന സഹിച്ചാണ് ഇവിടെ നില്‍ക്കുന്നത്. ആവശ്യത്തിന് ഇരിപ്പിട സൗകര്യം പോലും ഇല്ലാത്തത് രോഗികള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്ന് രോഗികള്‍ക്കൊപ്പം എത്തുന്നവരും സാക്ഷ്യപ്പെടുത്തുന്നു. അസ്ഥിരോഗ വിഭാഗം ജനറല്‍ മെഡിസിന്‍ വിഭാഗം എന്നിവയുടെ ബോര്‍ഡുകളാണ് പ്രവര്‍ത്തന രഹിതമായിട്ടുള്ളത്. എന്നാല്‍, ഈ ബോര്‍ഡുകള്‍ മനപൂര്‍വ്വം  പ്രവര്‍ത്തിപ്പിക്കാത്തതാണെന്നും ആക്ഷേപമുണ്ട്.
രോഗികളുടെ പ്രയാസത്തിന് അറുതി വരുത്താന്‍ ടോക്കണ്‍ ഡിസ്‌പ്ലേ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top