ടേക് ഓഫിനൊരുങ്ങി കണ്ണൂര്‍: പ്രതീക്ഷകള്‍ വാനോളം

കണ്ണൂര്‍: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചതോടെ കണ്ണൂരിന്റെ ആകാശസ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യത്തിലേക്ക്. ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണൂരില്‍നിന്ന് വിമാനം പറന്നുയരുമെന്നതിനൊപ്പം വികസന സ്വപ്‌നങ്ങളും വാനോളം ഉയരുകയാണ്. ഡിസംബര്‍ ഒമ്പതിനു ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ വ്യോമയാന ഭൂപടത്തില്‍ കണ്ണൂരിന്റെ സ്ഥാനം ഇനി പ്രധാനമായി മാറും.
നിര്‍മാണപ്രവൃത്തികളെല്ലാം പൂര്‍ത്തിയായെങ്കിലും കണ്ണൂരില്‍നിന്ന് ആദ്യവിമാനം ഉയരുന്നത് കാണാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയാണ്.
2016 ഫെബ്രുവരിയില്‍ പരീക്ഷണപ്പറക്കല്‍ നടത്തിയപ്പോള്‍ ആവര്‍ഷം സപ്തംബറില്‍ത്തന്നെ വിമാനത്താവളം യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നടന്നില്ല.
പ്രതികൂല കാലാവസ്ഥയും മറ്റും മൂലം നിര്‍മാണപ്രവൃത്തികള്‍ നീണ്ടതോടെ കാത്തിരിപ്പ് രണ്ടുവര്‍ഷം പിന്നിട്ടു. ഇതിനിടെ, ഈവര്‍ഷം ഓണസമ്മാനമായി വിമാനത്താവളം നാടിന് സമര്‍പ്പിക്കുമെന്നും പ്രതീക്ഷകളുയര്‍ന്നു. എന്നാല്‍, ഡിവിഒആര്‍, ഐഎല്‍എസ് സംവിധാനങ്ങളുടെ കാലിബ്രേഷന്‍ വൈകിയത് സ്വപ്‌ന പദ്ധതി വീണ്ടും വൈകിപ്പിച്ചു.
സപ്തംബര്‍ പകുതിയോടെ ലൈസന്‍സിന് ആവശ്യമായ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയുടെ ഉറപ്പ് കിയാലിന് ലഭിച്ചിരുന്നു. ഇപ്പോള്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങാന്‍ ആവശ്യമായ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മിനുക്കുപണികളെല്ലാം പൂര്‍ത്തിയാക്കി പൂര്‍ണസജ്ജമായിരിക്കുകയാണ് വിമാനത്താവളം. വിമാനത്താവളം വരുന്നതോടെ മട്ടന്നൂര്‍ നഗരത്തിന്റെ മാത്രമല്ല, കണ്ണൂര്‍ ജില്ലയുടെയും ഉത്തര മലബാറിന്റെയും വികസനക്കുതിപ്പാണ് ഏവരും സ്വപ്‌നം കാണുന്നത്. ഇറക്കുമതിയും കയറ്റുമതിയുമെല്ലാം വന്‍തോതില്‍ വര്‍ധിക്കുമെന്നതിനാല്‍ പരമ്പരാഗത വ്യവസായവും പ്രതീക്ഷയിലാണ്.

RELATED STORIES

Share it
Top