ടെലിഫോണ്‍ ബില്ലുകള്‍ പോസ്‌റ്റോഫിസുകളില്‍ അടയ്ക്കുന്നത് ബിഎസ്എന്‍എല്‍ വിലക്കി

എ ജയകുമാര്‍

ചെങ്ങന്നൂര്‍: തപാല്‍ വകുപ്പിന്റെ മെല്ലെപ്പോക്കു മൂലം ടെലിഫോണ്‍ ബില്ലുകള്‍ ഇനി മുതല്‍ പോസ്‌റ്റോഫിസുകളില്‍ അടയ്ക്കരുതെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പോസ്റ്റോഫിസുകളില്‍ അടയ്ക്കുന്ന ബില്‍ തുക യഥാസമയം ബിഎസ്എന്‍എല്ലിന്റെ അക്കൗണ്ടുകളിലേക്ക് നീക്കാത്തതാണ് വിലക്കിനു കാരണമെന്ന് മുന്നറിയിപ്പില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ടെലിഫോണ്‍ ബില്ലുകള്‍ പോസ്‌റ്റോഫിസുകളില്‍ അടയ്ക്കാന്‍ അവസരം ഉണ്ടായിരുന്നത് ബിഎസ്എന്‍എല്‍ ഉപയോക്താക്കളെ ഏറെ സഹായിച്ചിരുന്നു. തിരക്കില്ലാതെ പണമടയ്ക്കാന്‍ കഴിയുമെന്നതും യാത്രാദുരിതം കുറയുമെന്നതുമായിരുന്നു ഇതിനു കാരണം.
എന്നാല്‍, പുതിയ നിര്‍ദേശം നിലവില്‍ വന്നതോടെ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് ബിഎസ്എന്‍എല്‍ ഓഫിസുകളില്‍ തന്നെ ബില്ലടയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടേണ്ടിവരും.
അക്ഷയകേന്ദ്രങ്ങള്‍, ഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ബില്‍ തുക സ്വീകരിക്കുമെന്നും യാതൊരു കാരണവശാലും തപാല്‍ ഓഫിസുകളില്‍ പണം അടയ്ക്കരുതെന്നുമാണ് ബിഎസ്എന്‍എല്ലിന്റെ നിര്‍ദേശം.
കെടുകാര്യസ്ഥത മൂലം നിലനില്‍പു തന്നെ അപകടത്തിലായ തപാല്‍ ഓഫിസുകളില്‍ ജീവനക്കാരുടെ മെല്ലെപ്പോക്ക് നയം മൂലമാണ് ബിഎസ്എന്‍എല്ലിന് ഇത്തരമൊരു നിര്‍ദേശം രേഖാമൂലം നല്‍കേണ്ടിവന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top