ടെലിഫോണ്‍ എക്‌സ്്‌ചേഞ്ച് കേസ് ; ദയാനിധി മാരന്‍ വിചാരണ നേരിടണം

ചെന്നൈ: ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരന്‍ വിചാരണ നേരിടണമെന്നു സുപ്രിംകോടതി. വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണു സുപ്രിംകോടതിയുടെ സുപ്രധാന വിധി.
കേസില്‍ 12 ആഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേയാണു ദയാനിധി മാരന്‍ സുപ്രിംകോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ഹരജിയില്‍ രണ്ട് മിനിറ്റോളം മാത്രമാണ് വാദം നടന്നത്. ദയാനിധി മാരനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ആവര്‍ത്തിച്ച ശേഷം വിചാരണ നേരിടാന്‍ കോടതി വിധിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നും നിരപരാധിത്വം വിചാരണാവേളയില്‍ തെളിയിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അഴിമതിക്കേസില്‍ മാരന്‍ സഹോദരന്‍മാരെ കുറ്റവിമുക്തരാക്കി സിബിഐ പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചിരുന്നു. കേസില്‍ ഇവര്‍ക്കെതിരേ തെളിവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
എന്നാല്‍ വിധി ചോദ്യംചെയ്തു സിബിഐ നല്‍കിയ ഹരജിയില്‍ മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയ നടപടി റദ്ദാക്കുകയും വിചാരണാ നടപടികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും വിധിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്താണ് സുപ്രിംകോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top