ടെലിച്ചറി പബ്ലിക് സ്‌കൂള്‍: തല്‍സ്ഥിതി തുടരണമെന്ന് കോടതി ഉത്തരവ്

തലശ്ശേരി: കുണ്ടൂര്‍മലയില്‍ പ്രവര്‍ത്തിക്കുന്ന ടെലിച്ചറി പബ്ലിക് സ്‌കൂള്‍ അടച്ചുപൂട്ടാന്നുള്ള മാനേജ്‌മെന്റ് നീക്കത്തിനെതിരേ കോടതി ഉത്തരവ്.
2018-19 അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന മനോജ്‌മെന്റ് തീരുമാനത്തിനെതിരേ വിദ്യാര്‍ഥികളെ പ്രതിനിധികരിച്ച് ജില്ലാ കോടതിയില്‍ നല്‍കിയ പരാതി പരിഗണിച്ചാണ് തദ്സ്ഥിതി തുടരണമെന്ന് അഡീഷനല്‍ ജില്ലാ കോടതി(മൂന്ന്) ജഡ്ജ് രാജീവ് ഉത്തരവിട്ടത്. 200ഓളം വിദ്യാര്‍ഥികളുള്ള സ്‌കൂള്‍ അടച്ചുപൂട്ടി കെട്ടിടവും സ്‌കൂളും ഉള്‍ക്കൊള്ളുന്ന രണ്ടര ഏക്കര്‍ സ്ഥലവും ഇതിനടത്തുള്ള നാലര ഏക്കര്‍ സ്ഥലവും ചേര്‍ത്ത് മറ്റൊരു സ്ഥാപനം ആരംഭിക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂള്‍ സ്ഥാപകയായ ലീലാവതി സുകുമാരന്റെ മകള്‍ പത്മ ശിവപ്രസാദ് അധ്യാപികമാരും രക്ഷിതാക്കളും യോജിച്ച് കോടതിയെ സമീപിച്ചത്.
സ്‌കൂള്‍ അടച്ചു പൂട്ടരുതെന്നാവശ്യപ്പെട്ട് ജീവനക്കാരും രക്ഷിതാക്കളും മാനേജ്‌മെന്റിനെ സമീപിച്ചിരുന്നെങ്കിലും അടച്ചുപൂട്ടല്‍ തീരുമാനത്തില്‍ മാനേജ്‌മെന്റ് ഉറച്ചുനില്‍ക്കുകയായിരുന്നു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 4 മുതല്‍ സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ രക്ഷിതാക്കളും ജീവനക്കാരും ഏകകണ്ഠമായി തീരുമാനിച്ചതായി സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

RELATED STORIES

Share it
Top