ടെന്നിസ് റാങ്കിങില്‍ നേട്ടം കൊയ്ത് ജോക്കോവിച്ചും സെറീനയുംലണ്ടന്‍: ഞായറാഴ്ച നേടിയ തന്റെ നാലാം വിംബിള്‍ഡണ്‍ കിരീടത്തിലൂടെ 13ാം ഗ്രാന്‍സ്ലാം കിരീടം ചൂടിയ സെര്‍ബിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനും നിലവിലെ വനിതാ വിംബിള്‍ഡണ്‍ ഫൈനലിസ്റ്റ് സെറീന വില്യംസിനും പുതിയ റാങ്കിങില്‍ മികച്ച നേട്ടം. 21ാം റാങ്കില്‍ നിന്ന് 11 റാങ്കുകള്‍ പിന്നിട്ട് ജോക്കോവിച്ച് 10ാം സ്ഥാനത്ത് നിലയുറപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് താരം ആദ്യ പത്തിനുള്ളില്‍ അവസാനമായി എത്തിയത്. അതേസമയം, ഫൈനലില്‍ ജോക്കോവിച്ചുമായി പോരാടിയ കെവിന്‍ ആന്‍ഡേഴ്‌സന്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ലോക അഞ്ചാം റാങ്കിലെത്തി. പുരുഷ റാങ്കിങില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ഒന്നാമതും റോജര്‍ ഫെഡറര്‍ രണ്ടാമതും തുടരുന്നു. അലക്‌സാണ്ടര്‍ സെറേവും യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയുമാണ് അടുത്ത രണ്ട് റാങ്കിലുള്ളത്. എന്നാല്‍ അദ്ഭുതക്കുതിപ്പാണ് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയ ശേഷം കോര്‍ട്ടിലേക്ക് തിരിച്ചു വന്ന സെറീന നടത്തിയത്. 181ാം റാങ്കിലായിരുന്ന നിലവിലെ വിംബിള്‍ഡണ്‍ ഫൈനലിസ്റ്റ് 153 സ്ഥാനങ്ങള്‍ മറികടന്ന് 28ാം സ്ഥാനത്തെത്തി. അതേസമയം വനിതാ കിരീടം ചൂടിയ കെര്‍ബര്‍ നാലാം സ്ഥാനത്താണ്.

RELATED STORIES

Share it
Top