ടെക്‌നിക്കല്‍ സ്‌കൂളുകള്‍ പലതും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍

നാരായണന്‍  കരിച്ചേരി

തൃക്കരിപ്പൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലല്ലെന്ന കാരണത്താല്‍ സംസ്ഥാനത്തെ ടെക്‌നിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നത് കൊടിയ അവഗണന. പഠനമികവിലും കലാകായിക മേഖലയിലും ഉന്നത നേട്ടം കൈവരിക്കുമ്പോഴും പകുതിയോളം സ്‌കൂളുകളും വാടക കെട്ടിടത്തിലാണു പ്രവര്‍ത്തിക്കുന്നത്.
സ്വന്തമായി കെട്ടിടമില്ലാത്തതിനാ ല്‍ തന്നെ കളിസ്ഥലമോ കലാവേദികളോ ഇല്ല. അതിനാല്‍ കുട്ടികളുടെ കഴിവുകള്‍ പ്രോ ല്‍സാഹിപ്പിക്കാനും മാറ്റുരയ്ക്കാനും വേദിയില്ല. സംസ്ഥാനത്ത് ഐഎച്ച്ആര്‍ഡിയുടെ നാല് സ്‌കൂളുകള്‍ അടക്കം 48 ടെക്‌നിക്കല്‍ സ്‌കൂളുകളാണു പ്രവര്‍ത്തിക്കുന്നത്.
അടുത്തകാലത്തായി കുട്ടികളുടെ കായിക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് കായികമേള സംഘടിപ്പിച്ചുവരുന്നുണ്ടെങ്കിലും അതു പരിമിതിയി ല്‍ കുടുങ്ങി അവഗണിക്കപ്പെടുന്നു. സ്വന്തമായി കളിസ്ഥലവും കായികാധ്യാപകരും ഇല്ലാത്തതാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍പോലും അനുഭവിക്കുന്ന പ്രശ്‌നം. സ്‌കൂള്‍ നടപ്പാതയിലും ദൂരസ്ഥലങ്ങളിലെ പൊതുനിരത്തിലും വല്ലപ്പോഴും കിട്ടുന്ന അവസരം ഉപയോഗിച്ചാണു പരിശീലനം. ചുരുക്കം ചില സ്‌കൂളുകള്‍ പിടിഎ സഹായത്തോടെ മല്‍സരവേളകളില്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു. അതേസമയം, നല്ല കായികക്ഷമതയും കഴിവുമുള്ള കുട്ടികള്‍ ടെക്‌നിക്കല്‍ സ്‌കൂളുകളിലുണ്ട്. ഇവരെ വേണ്ടപോലെ വാര്‍ത്തെടുത്താല്‍ ഭാവിവാഗ്ദാനങ്ങളായി മാറ്റാനാവുമെന്നു കായികമേഖലയിലെ വിദഗ്ധര്‍ തന്നെ പറയുന്നു.അതേസമയം, പതിറ്റാണ്ടുകളായി ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ കായികാധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും തീരുമാനമായിട്ടില്ല. സാങ്കേതിക സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ കായികക്ഷമത പരിശീലിക്കേണ്ട കാര്യമില്ലെന്നാണ് അധികൃതരുടെ നിലപാടെന്നും പരാതിയുണ്ട്.
സ്‌കൂളുകളില്‍ നടക്കുന്ന മല്‍സരങ്ങളില്‍ നിന്നു വിജയിക്കുന്ന കുട്ടികളാണ് നേരിട്ട് സംസ്ഥാന മല്‍സരങ്ങൡ പങ്കെടുക്കുക. പരമാവധി ഒരു സ്‌കൂളില്‍നിന്ന് 25 കുട്ടികളിലധികം മല്‍സരത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന നിബന്ധനയുണ്ട്. സ്‌പോര്‍ട്‌സ് ഏജന്‍സികളുടെയോ ഫിസിക്കല്‍ എജ്യൂക്കേഷന്റെയോ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സംസ്ഥാന കായികമേള സംഘടിപ്പിച്ചുവരുന്നത്. ഇത്തവണത്തെ സംസ്ഥാന കായികമേളയ്ക്ക് നേതൃത്വം നല്‍കുന്നത് കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ ഫിസിക്കല്‍ എജ്യൂക്കേഷനാണ്.
ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക് സ്വന്തമായി കായികാധ്യാപകരും കളിസ്ഥലവും കെട്ടിടവും വേണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വിദ്യാര്‍ഥികളുടെയും ആവശ്യം.

RELATED STORIES

Share it
Top