ടൂറിസ്റ്റ് കേന്ദ്രങ്ങളോട് അവഗണന കാട്ടുന്നതായി പരാതി

ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട മീനച്ചില്‍ താലൂക്കിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളോട് അധികൃതര്‍ അവഗണന കാട്ടുന്നതായി ആക്ഷേപം.ഇലവീഴാപൂഞ്ചിറ, മാര്‍മലവെള്ളച്ചാട്ടം, ഇല്ലിക്കല്‍മല, അയ്യമ്പാറ, കൊട്ടത്താവള വെള്ളച്ചാട്ടം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളോട് താലൂക്ക് മേധാവികള്‍ കടുത്ത അവഗണന കാണിക്കുന്നതായി നാട്ടുകാര്‍ പരാതിയില്‍ പറയുന്നു. ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ മീനച്ചില്‍ വിഭജിച്ച് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും നഗരസഭയും ചേര്‍ത്ത് പുതിയൊരു താലൂക്ക് രൂപീകരിച്ചാല്‍ മാത്രമേ ഈ അവഗണനയ്ക്ക് അറുതിയുണ്ടാവുകയുള്ളൂയെന്ന് പ്രദേശവാസികളുടെ അഭിപ്രായം.ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അപകടങ്ങള്‍ പതിവാകുകയാണ്. ഇലവീഴാപൂഞ്ചിറയിലെത്തുന്ന സഞ്ചാരികള്‍ക്കു കടുത്ത അസൗകര്യങ്ങളാണ് നേരിടേണ്ടിവരുന്നത്. ഇലവീഴാപൂഞ്ചിറയില്‍ രണ്ടര ഏക്കറില്‍ പുതുതായി നിര്‍മിച്ച കുളത്തിന് സമീപത്തെ തടയണയ്ക്ക് സുരക്ഷാ സംവിധാനമില്ല. ഞായറാഴ്ച പുതുവര്‍ഷം ആഘോഷിക്കുവാനെത്തിയ അടിമാലി സ്വദേശി നിതിന്‍ മാത്യൂ ഈ കുളത്തില്‍ മുങ്ങി മരിച്ചതാണ് അവസാനത്തെ അപകടം. മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള റോഡുകളും കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് .10 കോടി രൂപ മുടക്കി ഇലവീഴാപൂഞ്ചിറ റോഡ് നിര്‍മാണം തുടങ്ങിയിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു. ഇപ്പോഴും പണി പൂര്‍ത്തിയാക്കിയിട്ടില്ല.അങ്ങനെ നിരവധി അവഗണനകളാണ് ഈ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ നേരിടുന്നത്. ഇവിടങ്ങളില്‍ നിന്നു മീനച്ചില്‍ താലൂക്ക് ആസ്ഥാനമായ പാലയിലെത്തണമെങ്കില്‍ 30 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍ ഏറ്റവും അടുത്ത പട്ടണമായ ഈരാറ്റുപേട്ടയിലെത്താന്‍ ഇതിന്റെ പകുതി ദൂരം സഞ്ചരിച്ചാല്‍ മതി.പാലായിലെ താലൂക്ക് ഓഫിസില്‍ ജോലി ഭാരം കൂടിയതിനാല്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ഇലക്ഷന്‍ ചുമതല ഇപ്പോള്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസാണ് കൈകാര്യം ചെയ്യുന്നത്.അതുകൊണ്ട്് കിഴക്കന്‍ മലയോര പ്രദേശങ്ങളിലെ വികസനത്തിന് ഈരാറ്റുപേട്ട കേന്ദ്രമായി താലൂക്ക് രൂപീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top