ടൂറിസം വകുപ്പിന്റെ നിസ്സംഗത : ഇക്കോ വില്ലേജില്‍ സുരക്ഷാ സംവിധാനങ്ങളില്ല - നാട്ടുകാര്‍ ഭീതിയില്‍കരുവാരകുണ്ട്: ഇക്കോ വില്ലേജിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സുരക്ഷാ സംവിധാനം ഒരുക്കാത്തതില്‍ ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ ആശങ്ക വര്‍ധിക്കുന്നു. കോടികള്‍ ചിലവഴിച്ച് നടപ്പാക്കിയ ഇക്കോ വില്ലേജില്‍ സുരക്ഷാ സംവിധാനവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതില്‍ ജില്ലാ ടൂറിസം വകുപ്പ് തികഞ്ഞ അലംഭാവമാണ് പുലര്‍ത്തിയിരിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരും വിനോദത്തിനായി ഉപയോഗിക്കുന്ന ഫൈബര്‍ വള്ളങ്ങളും ബോട്ടുകളും ഒലിപുഴ ഡാമിലൂടെ അശ്രദ്ധമായാണ് കൈകാര്യം ചെയ്തു വരുന്നത്. കളി വള്ളങ്ങളില്‍ ഒരിക്കലും കയറിയിട്ടില്ലാത്തവരാണ് ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്. കൊച്ചു കുട്ടികളുമായി ഇവിടെയെത്തുന്നവര്‍  കുടുംബ സമേതം കളിവള്ളങ്ങളില്‍ കയറാവുന്നതിലുമപ്പുറം ആളുകളെ കയറ്റിയുള്ള സഞ്ചാരം അപകടം ക്ഷണിച്ചു വരുത്തുകയാണന്നും നാട്ടുകാ ര്‍ കുറ്റപ്പെടുത്തുന്നു.രണ്ടാഴ്ച മുമ്പ് കുട്ടികള്‍ സഞ്ചരിച്ച കളി വള്ളം അപകടത്തില്‍പെട്ടിരുന്നു. നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്ന് കുട്ടികളെ പുഴയില്‍ നിന്നും പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തുകയായിരുന്നു. ആറു മാസം മുമ്പ് കല്‍ക്കുണ്ട് കേരളംകുണ്ട് വിനോദ സഞ്ചാര കേന്ദ്രത്തിലെ വെള്ളക്കെട്ടില്‍ വീണ് മലപ്പുറം സ്വദേശിയായ യുവാവ് മരണപെട്ടിരുന്നു. സുരക്ഷാവീഴ്ചയാണ് അപകടത്തിനു കാരണം.അവധി ദിവസങ്ങളില്‍ സന്ദര്‍ശകരുടെ വന്‍തിരക്കാണ് കരുവാരകുണ്ടിലെ ടൂറിസം കേന്ദ്രങ്ങളിലനുഭവപ്പെട്ടു വരുന്നത്. ഇപ്പോഴത്തെകനത്ത മഴയില്‍ ഒലിപുഴയിലൂടെ ശക്തമായ മലവെള്ളപാച്ചില്‍ അനുഭവപ്പെടുന്നത് നാട്ടുകാരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജില്ലാ ടൂറിസം വകുപ്പ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ടത്ര സുരക്ഷയൊരുക്കാതെ നടപ്പാക്കിയ പദ്ധതിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

RELATED STORIES

Share it
Top