ടൂറിസം വകുപ്പിന്റെ ഉല്‍സവം പരിപാടി തേക്കടിയെ ഒഴിവാക്കിയതില്‍ പ്രതിഷേധം

കുമളി: സംസ്ഥാന ടൂറിസം വകുപ്പും ഡിടിപിസിയും സംയുക്തമായി വര്‍ഷം തോറും നടത്തിവരുന്ന ഉത്സവം പരിപാടിയില്‍ നിന്ന് തേക്കടിയെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധം ശക്തമായി. സംസ്ഥാനത്തെ നാടോടി- ആദിവാസി- അനുഷ്ഠാന കലാരൂപങ്ങള്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് കാണാനും പരിചയപ്പെടാനും അവസരം ഒരുക്കുന്ന തരത്തിലാണ് ടൂറിസം വകുപ്പ് ഉത്സവം പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലും മൂന്നാറിലുമാണ് ഉത്സവം പരിപാടി സംഘടിപ്പിച്ചു വരാറുള്ളത്. ഇത്തവണ തേക്കടിയെ ഒഴിവാക്കി മൂന്നാറിലും വാഗമണ്ണിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. എന്നാല്‍, വിനോദസഞ്ചാര വകുപ്പും ഡിടിപിസിയും മൂന്നാര്‍, ഇടുക്കി, വാഗമണ്‍, രാമക്കല്‍മേട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ നടപ്പാക്കുകയും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തുവരുമ്പോഴും ലോക പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയേയും സമീപ പ്രദേശങ്ങളേയും ഒഴിവാക്കുന്ന നടപടികളാണ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തേക്കടിയില്‍ നടത്തിവന്നിരുന്ന ഉത്സവം പരിപാടി മറ്റാരു സ്ഥലത്തേക്കു മാറ്റിയത് പ്രതിഷേധാര്‍ഹമാണെന്നും ഉന്നത ജനപ്രതിനിധികള്‍ പോലും ഇപ്പോള്‍ തേക്കടിയുടെ ടൂറിസം വികസനത്തിന് താല്‍പ്പര്യം കാട്ടുന്നില്ലെന്നും ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കുമളി യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് ഷാജി പറയുന്നു.

RELATED STORIES

Share it
Top