ടൂറിസം വകുപ്പിനെതിരേ പ്രതിഷേധവുമായി വനംവകുപ്പ്

മുഹമ്മദ് അന്‍സാരി

പീരുമേട്: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണിലെ കോലാഹലമേട് പൈന്‍കാട്ടില്‍ ടൂറിസം വകുപ്പ് പ്രവേശന ഫീസ് ഈടാക്കുന്നു. അതേസമയം, പ്രവേശനഫീസ് ഈടാക്കുന്നതിനെതിരേ പ്രതിഷേധവുമായി വനംവകുപ്പ് രംഗത്തെത്തി.
വനം വകുപ്പിന്റെ അതീനതയിലുള്ള ഭൂമിയില്‍ ടൂറിസം വകുപ്പ് താത്ക്കാലിക ഷെഡ് നിര്‍മിച്ചാണ് സഞ്ചാരികളില്‍ നിന്ന് ഫീസ് ഈടക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്റെ നിയന്ത്രണത്തിലുള്ള വാഗമണ്‍ ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇവിടെ കൗണ്ടര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുതിര്‍ന്നവര്‍ക്ക് ആളൊന്നിന്ന് 10 രൂപയും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് അഞ്ച് രൂപ എന്നിങ്ങനെയാണ് നിരക്ക്. ഇതിനുപുറമെ കാമറയില്‍ ഫോട്ടോ എടുക്കുന്നതിന് 50 രൂപ വീഡിയോയ്ക്ക് 100 രൂപയും ഫോട്ടോഗ്രാഫി വീഡിയോയ്ക്ക് 100 രൂപയും ആല്‍ബം ഷൂട്ടിങ്ങിന് 2500 രൂപയും ഫിലിം ഷൂട്ടിങ്ങിന് 10,000 രൂപയുമാണ് നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇരുചക്രവാഹനങ്ങള്‍ക്ക് 20 രൂപയും മറ്റ് വാഹനങ്ങള്‍ക്ക് 50 എന്നിങ്ങനെയാണ് പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിഎംസിയുടെ നേതൃത്വത്തില്‍ ഷെഡ് സ്ഥാചിച്ച് പ്രവേശന പാസ് നല്‍കുന്നതിനും പണം പിരിക്കുന്നതിനും പ്രത്യേകം ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വനം വകുപ്പിന്റെ നിയന്ത്രണത്തിലുളള പൈന്‍ പ്ലാന്റേഷനില്‍ ഡിടിപിസിക്ക് പ്രവേശന ഫീസ് പിരിക്കുവാന്‍ നിയമപരമായി കഴിയില്ലെന്നാണ് വനം വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.
ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഷെഡ് അടിയന്തിരമായി നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പണം പിരിക്കുന്നതിന് പ്രത്യേക കേന്ദ്രം സ്ഥാപിച്ചതോടെ കോലാഹലമേട് പൈന്‍കാട് കാണണമെങ്കില്‍ പാസ് ഏര്‍പ്പെടുത്തിയത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. പൈന്‍കാട് സോഷ്യല്‍ ഫോറസ്റ്റിന്റെ കൈവശമാണ്.
ഇത് വാഗമണ്‍ മേഘലയില്‍ വ്യാപക അഴിമതിക്ക് വഴിയൊരുക്കുമെന്നും വിലയിരുത്തുന്നു. സ്ഥലം എം എല്‍ യുടെ അനുവാദത്തോടെയാണ് കൗണ്ടര്‍ സ്ഥാപിച്ചതെന്നും ആരോപണംം ശക്തമാണ്.

RELATED STORIES

Share it
Top