ടൂറിസം മേഖലയിലുണ്ടായത് 2000 കോടിയുടെ നഷ്ടം: ടൂറിസം സെക്രട്ടറി

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് 2000 കോടി രൂപയുടെ നഷ്ടമാണ് ടൂറിസം മേഖലയിലുണ്ടായതെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്. കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേവലം ഒരു മാസത്തിനുള്ളില്‍ ടൂറിസം കേന്ദ്രങ്ങളെല്ലാം സന്ദര്‍ശകരെ സ്വീകരിക്കാന്‍ സജ്ജമായി. ടൂറിസം റെഡിനെസ് സര്‍വേയിലൂടെയാണ് ഇത് സാധിച്ചത്. ദുരന്തത്തെക്കുറിച്ച് മറച്ചുവയ്ക്കാതെ “ഇറ്റ്‌സ് ടൈം ഫോര്‍ കേരള’’എന്ന ആഹ്വാനവുമായി അതിജീവിക്കാനാണ് സംസ്ഥാനം തീരുമാനിച്ചതെന്നും റാണി ജോര്‍ജ് പറഞ്ഞു.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഉത്തരവാദിത്ത ടൂറിസം വഴി അഞ്ചു ലക്ഷം തൊഴിലവസരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും റാണി ജോര്‍ജ് പറഞ്ഞു. 15 ലക്ഷം തൊഴിലവസരമാണ് സംസ്ഥാനത്തെ ടൂറിസം വ്യവസായം നല്‍കുന്നത്. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ വരവിനു ശേഷം തൊഴിലവസരങ്ങള്‍ ഏറെ കൂടിയിട്ടുണ്ട്. കൂടുതല്‍ ടൂറിസം കേന്ദ്രങ്ങളെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ തൊഴിലവസരങ്ങള്‍ ഇനിയും വര്‍ധിക്കും.
ഇതു കൂടാതെ പ്രദേശവാസികള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മുഖേന കൂടുതല്‍ പരിശീലന പരിപാടികളും നല്‍കുന്നുണ്ടെന്നും റാണി ജോര്‍ജ് പറഞ്ഞു.
20 വര്‍ഷം മുമ്പ് ചിത്രത്തിലില്ലാതിരുന്ന രാജ്യങ്ങളാണ് ഇന്ന് ടൂറിസം മേഖലയെ നിയന്ത്രിക്കുന്നതെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്ന ഇ എം നജീബ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലുള്ള—ത്രയും വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകള്‍ മറ്റെങ്ങും കാണില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top