ടി സി മാത്യുവിനെതിരേ നടപടിക്ക് ഉത്തരവ്

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ മറവില്‍ മുന്‍ പ്രസിഡന്റ് ടി സി മാത്യു കോടികളുടെ തട്ടിപ്പ് നടത്തിയതായി ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ കണ്ടെത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിയോഗിച്ച അന്വേഷണ കമ്മിറ്റി സമര്‍പ്പിച്ച റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പൂര്‍ണമായും ശരിവയ്ക്കുന്നതാണ് ഓംബുഡ്‌സ്മാന്റെ നടപടി. കെസിഎയെ മറയാക്കി 2,16,80,682 രൂപയുടെ വെട്ടിപ്പുകള്‍ നടത്തിയതായി ബോധ്യപ്പെട്ട ഓംബുഡ്‌സ്മാന്‍ ഈ തുക ടി സി മാത്യുവില്‍ നിന്ന് രണ്ടു മാസത്തിനകം ഈടാക്കണമെന്നും ആവശ്യപ്പെട്ടു. തുക നല്‍കാത്തപക്ഷം ക്രമക്കേട് ചൂണ്ടിക്കാട്ടി പരാതി സമര്‍പ്പിച്ച തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ ഭാരവാഹി കൂടിയായ കെ പ്രമോദിന് കോടതിയെ സമീപിക്കാം.
ടി സി മാത്യുവിനെതിരേ വിശ്വാസവഞ്ചനയ്ക്കും സാമ്പത്തിക ക്രമക്കേടിനും കേസ് ഫയല്‍ ചെയ്യാനും ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഓംബുഡ്‌സ്മാന്റെ ഉത്തരവിന്റെ  പശ്ചാത്തലത്തില്‍ അസോസിയേഷന്റെ ജനറല്‍ ബോഡി ഇന്ന് ആലപ്പുഴയില്‍ അടിയന്തര യോഗം ചേരും. തൊടുപുഴ മണക്കാട് ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേട് നടന്നതായി കെസിഎ നിയോഗിച്ച അന്വേഷണ കമ്മിറ്റി ഓംബുഡ്‌സ്മാന് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ടി സി മാത്യുവും ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും മുന്‍ കെസിഎ പ്രസിഡന്റുമായ ബി വിനോദും ഉള്‍പ്പെട്ട സംഘമാണ് തട്ടിപ്പ് നടത്തിയത്. സ്റ്റേഡിയം നിര്‍മാണത്തിന്റെ മറവില്‍ 46 ലക്ഷം രൂപയുടെ പാറ പൊട്ടിച്ച് അനധികൃതമായി കടത്തി.  ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനുയോജ്യമല്ലാത്ത സ്ഥലത്താണ് കെസിഎയെ തെറ്റിദ്ധരിപ്പിച്ച് പാറ പൊട്ടിച്ചത്. ഇതിന് പുറമെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടര വര്‍ഷം ടി സി മാത്യുവിന്റെ മകനും സുഹൃത്തുക്കളും അനധികൃതമായി താമസിച്ചിരുന്നു. 25 ലക്ഷത്തോളം രൂപയാണ് വാടകയിനത്തില്‍ അസോസിയേഷന് നഷ്ടമായത്.
കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന് സ്ഥലം വാങ്ങിയതിന്റെ മറവില്‍ വ്യാജരേഖയുണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. മറൈന്‍ ഡ്രൈവില്‍ ഫഌറ്റ് വാടകയ്ക്ക് എടുക്കുന്നതിനായി കെസിഎയില്‍ നിന്ന് മൂന്ന് ലക്ഷത്തോളം വകമാറ്റി ചെലവഴിച്ചു. ഈ കണ്ടെത്തലുകളെല്ലാം ശരിവയ്ക്കുന്നതാണ് ഓംബുഡ്‌സ്മാന്റെ ഉത്തരവ്.

RELATED STORIES

Share it
Top