ടി പി വധക്കേസ് പ്രതികളുമായി ജയിലില്‍ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച



കണ്ണൂര്‍: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൂടിക്കാഴ്ച നടത്തി. കേസില്‍ ശിക്ഷിക്കപ്പെട്ട എട്ടാംപ്രതിയും സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവുമായ കെ സി രാമചന്ദ്രന്‍, നാലാംപ്രതി പാട്യം പത്തായക്കുന്നിലെ ടി കെ രജീഷ് എന്നിവരുമായാണ് രാവിലെ ഒമ്പതോടെ കൂടിക്കാഴ്ച നടത്തിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് തടവുകാരുമായി കൂടിക്കാഴ്ച നടത്തിയത്. ടി പി കേസ് പ്രതികള്‍ ഉള്‍പ്പെടെ 20 തടവുകാര്‍ പരോള്‍ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്കു നല്‍കുകയും ചെയ്തു. ജയില്‍ ഉപദേശക സമിതിയംഗങ്ങളായ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം വല്‍സന്‍ പനോളി, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപിമാരായ കെ കെ രാഗേഷ്, പി കെ ശ്രീമതി, ജയില്‍ മേധാവി ആര്‍ ശ്രീലേഖ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. അതേസമയം ടി പി കേസിലെ മറ്റൊരു പ്രതിയും സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി മുന്‍ അംഗവുമായ പി കെ കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാല്‍ അനുവദിച്ചില്ല. എന്നാല്‍ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങുന്നതിനിടെ തടവുകാര്‍ക്കിടയില്‍നിന്നു കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുകയും അദ്ദേഹം പ്രത്യഭിവാദ്യവും ചെയ്യുകയും ചെയ്തു.

RELATED STORIES

Share it
Top