ടി പി പീതാംബരനെതിരേ രൂക്ഷവിമര്‍ശനവുമായി സേവ് എന്‍സിപി ഫോറം

കൊച്ചി: എന്‍സിപിയിലെ ചേരിപ്പോരിനെ തുടര്‍ന്ന് ഭാരവാഹി തിരഞ്ഞെടുപ്പ് പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് മാറ്റിവച്ചതിനു പിന്നാലെ നിലവിലെ പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി സേവ് എന്‍സിപി ഫോറം രംഗത്ത്.
സേവ് എന്‍സിപി ഫോറം സംസ്ഥാന ചെയര്‍മാന്‍ പ്രദീപ് പാറപ്പുറമാണ് ടി പി പീതാംബരന്‍ മാസ്റ്ററിനെതിരേ രംഗത്തുവന്നിരിക്കുന്നത്. മന്ത്രി എ കെ ശശീന്ദ്രന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് തടയാന്‍ ശ്രമിച്ചതിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു നിര്‍വാഹക സമിതിയംഗവുമാണെന്ന് പ്രദീപ് പാറപ്പുറം ആരോപിച്ചു. ഇവരുടെ നേതൃത്വത്തില്‍ കെ ബി ഗണേഷ്‌കുമാറുമായി ഗൂഢാലോചന നടത്തുകയും മഹാലക്ഷമിയെന്ന വീട്ടമ്മയെക്കൊണ്ട് തിരുവനന്തപുരം സിജെഎം കോടതിയിലും ഹൈക്കോടതിയിലും തടസ്സഹരജി കൊടുപ്പിച്ചത് ഇതിനുദാഹരണമാണെന്നും പ്രദീപ് ആരോപിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കഴുത്തില്‍ വീതുളിവച്ച പെരുന്തച്ചനായി ടി പി പീതാംബരന്‍ മാസ്റ്റര്‍ മാറിയ സാഹചര്യത്തിലാണ് സേവ് എന്‍സിപി ഫോറം രൂപീകരിക്കാന്‍ തയ്യാറായതെന്നും പ്രദീപ് പറഞ്ഞു.
ടി പി പീതാംബരന്‍ മാസ്റ്ററിനെതിരേ താന്‍ കേന്ദ്രനേതൃത്വത്തില്‍ പരാതിയുമായി സമീപിച്ചതോടെയാണ് അദ്ദേഹം തനിക്കെതിരേ തിരിഞ്ഞത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്ന കാരണം പറഞ്ഞാണ് കഴിഞ്ഞദിവസം തന്നെ അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. തനിക്ക് നോട്ടീസ് നല്‍കുകയോ പാര്‍ട്ടി വേദിയില്‍ ചര്‍ച്ച നടത്തുകയോ ചെയ്യാതെയാണ് തന്നെ പുറത്താക്കിയിരിക്കുന്നതെന്നും പ്രദീപ് പറഞ്ഞു. കേന്ദ്രനേതൃത്വത്തെ തെറ്റദ്ധരിപ്പിച്ച് തന്റെ സ്ഥാനം സംരക്ഷിക്കാനുള്ള ശ്രമമാണ് പീതാംബരന്‍ മാസ്റ്റര്‍ നടത്തുന്നത്. എന്‍സിപിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സ്ഥാനമാനങ്ങള്‍ ലേലം ചെയ്തു വില്‍ക്കുകയാണ് ചെയ്തത്. പാര്‍ട്ടിക്ക് ലഭിക്കുന്ന സ്ഥാനങ്ങള്‍ അനര്‍ഹരായവര്‍ക്ക് വില്‍ക്കുന്നതിനായി ഏജന്റുമാര്‍ പാര്‍ട്ടി നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് എല്‍ഡിഎഫ് അന്വേഷണം നടത്തണമെന്നും പ്രദീപ് പാറപ്പുറം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top