ടി പത്മനാഭന്റെ പ്രസ്താവന സമൂഹം തള്ളിക്കളയും: എസ്ഡിപിഐ

കണ്ണൂര്‍: ടി പത്മനാഭന്റെ പ്രസ്താവന സമൂഹം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പ്രസ്താവനയില്‍ പറഞ്ഞു. നിക്ഷ്പക്ഷ മതികളെന്ന് നടിക്കുന്ന ചില എഴുത്തുകാരും ബുദ്ധിജീവികളും പക്ഷംചേരുകയാണ്. കണ്ണൂരിലും കേരളത്തിന്റെ പല ഭാഗങ്ങളിലും രാഷ്ട്രീയ അക്രമങ്ങളും ആര്‍എസ്എസ്സിന്റെ ഏകപക്ഷീയ കൊലപാതകങ്ങളും ഉണ്ടായപ്പോഴും മൗനം പാലിച്ചവരാണ് ഇപ്പോള്‍ എസ്ഡിപിഐയ്ക്കും പോപുലര്‍ ഫ്രണ്ടിനുമെതിരേ രംഗത്തുവരുന്നത്.
പള്ളിയില്‍ കിടന്നുറങ്ങിയ മൗലവിയെയും ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിന്റെ പേരില്‍ മാത്രം കൊടിഞ്ഞി ഫൈസലിനെയും ആര്‍എസ്എസ് വര്‍ഗീയവാദികള്‍ വെട്ടിക്കൊന്നപ്പോഴൊന്നും ഉണരാത്ത സാമൂഹികബോധം ഇപ്പോള്‍ ഉണരുന്നതിന്റെ വ്യാപ്തിയും താല്‍പര്യവും മനസ്സിലാക്കാന്‍ കഴിവുള്ളവരാണ് കേരള ജനതയെന്ന ബോധം ടി പത്മനാഭനുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
മഹാരാജാസ് കോളജ് വര്‍ഷങ്ങളായി എസ്എഫ്‌ഐയുടെ ഗുണ്ടായിസത്തിനു കീഴിലാണെന്ന കാര്യം താങ്കളെ ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ. നിരവധി തവണ മാരകായുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു. അപ്പോഴൊന്നും താങ്കള്‍ ഉള്‍പ്പെടുന്ന സമൂഹം പ്രതികരിക്കാത്തതില്‍ അതീവ ദുഖമുണ്ട്. കുഷ്ഠരോഗികളെ അകറ്റിനിര്‍ത്താനല്ല അവരെ പരിഗണിക്കുകയും പരിചരിക്കാനുമാണ് നമ്മള്‍ പഠിച്ചിട്ടുള്ളതെന്നും അങ്ങയെ പോലെ സാമൂഹിക ഉത്തരവാദിത്വമുള്ള എഴുത്തുകാരന്‍ ഇങ്ങനെ പ്രസ്താവന നടത്തിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
എടയന്നൂര്‍ ശുഹൈബ്, അരിയില്‍ ഷുക്കൂര്‍ എന്നിവരെ കൊലപ്പെടുത്തിയപ്പോഴും പയ്യന്നൂരില്‍ എഴുത്തുകാരന്‍ സക്കറിയെ സിപിഎമ്മുകാര്‍ ആക്രമിച്ചപ്പോഴും മൗനം പാലിച്ച ടി പത്മനാഭന്റെ ഇപ്പോഴത്തെ വികാരപ്രകടനം ജനം തിരിച്ചറിയും. പെരുന്നാള്‍ തലേന്ന് വര്‍ഗീയകലാപം ലക്ഷ്യമിട്ട് തലശ്ശേരിയില്‍ ഫസലിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികളായ സിപിഎം നേതാവിന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കെട്ടിവയ്ക്കാന്‍ കാശ് കൊടുത്തതും ജനങ്ങള്‍ മറന്നിട്ടില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top