ടി ജി മോഹന്‍ദാസിന് രൂക്ഷവിമര്‍ശനം

കൊച്ചി: അഹിന്ദുക്കളും വിഗ്രഹാരാധന നടത്താത്തവരും ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയ സംഘപരിവാര സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഹരജിക്കാരന്റെ ആവശ്യങ്ങള്‍ കേരളത്തിലെ മതസൗഹാര്‍ദത്തെ തകര്‍ക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള ഹിന്ദു സ്ത്രീകള്‍ക്ക് പ്രവേശനമാവാം എന്നാണ് സുപ്രിംകോടതി വിധിച്ചതെങ്കിലും അഹിന്ദുക്കളെയും വിഗ്രഹാരാധന നടത്താത്തവരെയും പോലിസ് സംരക്ഷണത്തില്‍ ക്ഷേത്രത്തില്‍ കയറ്റിയെന്നു ടി ജി മോഹന്‍ദാസിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
എല്ലാ മതവിഭാഗക്കാര്‍ക്കും പ്രവേശനമുള്ള ഒരേയൊരു ആരാധനാലയമാണ് ശബരിമലയെന്ന് കോടതി ഇതിനു മറുപടി നല്‍കി. എരുമേലിയിലെ വാവരുപള്ളിയില്‍ പല വിഭാഗത്തിലും പെട്ടവര്‍ എത്തുന്നു. അവിടെയും ആരും എത്തരുതെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു.
ഇരുമുടിക്കെട്ട് ഇല്ലാത്തവര്‍ വരെ ശബരിമലയില്‍ കടന്നെന്നു ഹരജിക്കാരന്‍ വാദിച്ചു. 18ാം പടിക്കു മുകളില്‍ പോകാന്‍ മാത്രമാണ് ഇരുമുടിക്കെട്ട് വേണ്ടതെന്ന് കോടതി ഇതിനു മറുപടി നല്‍കി. മോഹന്‍ദാസിന്റെ വാദങ്ങള്‍ കാണുമ്പോള്‍ യാതൊരു സന്തോഷവും തോന്നുന്നില്ല. ഈ വാദങ്ങള്‍ കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തെ തകര്‍ക്കുമെന്നും കോടതി പറഞ്ഞു.
തുടര്‍ന്ന് ഹരജിയിലെ ചില ആവശ്യങ്ങളില്‍ കോടതി സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും നിലപാട് തേടി. കേസ് രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹരജി പരിഗണിക്കുന്നത് കോടതി ഇന്നത്തേക്കു മാറ്റി. കൊല്ലം സ്വദേശി രാജേന്ദ്രന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി ഇന്ന് പരിഗണിക്കുക.

RELATED STORIES

Share it
Top