ടി ജി മോഹന്‍ദാസിന്റെ പ്രസ്താവന: എസ്ഡിപിഐ പരാതി നല്‍കി

മലപ്പുറം: ബിജെപി സംസ്ഥാന ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ടി ജി മോഹന്‍ദാസിനെതിരേ എസ്ഡിപിഐ മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് എം ടി മുഹമ്മദ് ജില്ലാ പോലിസ് സൂപ്രണ്ടിനു പരാതി നല്‍കി. കലാപം നടത്താതെ ഹിന്ദുവിനു നീതി കിട്ടില്ല എന്ന മോഹന്‍ദാസിന്റെ പ്രസംഗത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണു പരാതി നല്‍കിയത്.
ചൊവ്വാഴ്ച പറവൂരില്‍ ഹിന്ദു ഐക്യവേദി നടത്തിയ മതേതര ഭരണകൂടവും ഹിന്ദു ക്ഷേത്രവും സെമിനാറില്‍ സംസാരിക്കവേയാണു മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. ഇതു വിവിധ ചാനലുകളും പത്രങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രസംഗം പ്രചരിപ്പിച്ചു.
82ല്‍ ഹിന്ദുത്വരുടെ ശക്തി കാണിച്ചു കരുണാകരനെപ്പോലുള്ള നേതാവിനെ ഭയപ്പെടുത്താന്‍ കഴിഞ്ഞു, എന്തുകൊണ്ട് ഇന്നു സാധിക്കുന്നില്ല. തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിനു നീതി കിട്ടുന്നില്ല, കലാപം നടത്താന്‍ നിങ്ങള്‍ തയ്യാറുണ്ടോ എങ്കില്‍ നിങ്ങള്‍ക്കു നീതി കിട്ടും തുടങ്ങിയ പരാമര്‍ശങ്ങളാണ് പ്രസംഗത്തിലുള്ളത്. കോടതിവരാന്തകളില്‍ കണ്ണീരോടെ നില്‍ക്കുന്നതിനേക്കാള്‍ ഭേദം വേലുത്തമ്പി ദളവയെപ്പോലെ ചത്തു പോവുന്നതാണ്, എന്നിങ്ങനെയും ടി ജി മോഹന്‍ദാസ് അഭിപ്രായപ്പെട്ടിരുന്നു. പ്രസ്താവന ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുന്നതും രാജ്യദ്രോഹപരവുമാണെന്നു പരാതിയില്‍ പറയുന്നു.
ഹിന്ദു വിശ്വാസികള്‍ പ്രസ്താവനയോടു യോജിക്കുകയില്ല. മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു വര്‍ഗീയത ഇളക്കിവിടുന്നതാണു പ്രസംഗം. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയും ശത്രുതയും വിദ്വേഷവുമുണ്ടാക്കുന്ന പ്രസംഗത്തിനെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനാല്‍, രാജ്യദ്രോഹക്കുറ്റത്തിനു ടി ജി മോഹന്‍ദാസിനെതിരേ നടപടിയെടുക്കണമെന്ന് എം ടി മുഹമ്മദ് എസ്പിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top