ടി ആര്‍ ചന്ദ്രദത്ത് അന്തരിച്ചു

തൃശൂര്‍: രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖനും കോസ്റ്റ്‌ഫോര്‍ഡ് ഡയറക്ടറുമായ ടി ആര്‍ ചന്ദ്രദത്ത് (ദത്തു മാഷ്75) അന്തരിച്ചു. ഏതാനും ദിവസങ്ങളായി കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. 1996ല്‍ നാവില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നു നാവും താടിയെല്ലും കഴുത്തിലെ എല്ലും നീക്കംചെയ്യേണ്ടി വന്നിരുന്നു. ഇതിനുശേഷം 22 വര്‍ഷമായി ദ്രാവകരൂപത്തിലുള്ള ഭക്ഷണം കഴിച്ചാണു ചന്ദ്രദത്ത് ജീവിച്ചിരുന്നത്.
35ാം വയസ്സു മുതല്‍ ഹൃദ്രോഗിയായ ദത്തുമാഷിന്റെ ജീവിതം ആരോഗ്യശാസ്ത്രത്തിനു പോലും അദ്ഭുതമായിരുന്നു. ഇന്നലെ രാവിലെ എട്ടിനു തളിക്കുളം കൊപ്രക്കളത്തെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, മന്ത്രിമാരായ എ സി മൊയ്തീന്‍, പ്രഫ. സി രവീന്ദ്രനാഥ്, കഥാകൃത്ത് അശോകന്‍ ചരുവില്‍, സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് വൈകീട്ട് നാലുവരെ അയ്യന്തോള്‍ കോസ്റ്റ്‌ഫോര്‍ഡില്‍ പൊതുദര്‍ശനത്തിനു വച്ചു. പിന്നീട് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിന് കൈമാറി. ഭാര്യ: തളിക്കുളം ആലക്കല്‍ കുടുംബാംഗം പത്മാവതി (തൃപ്രയാര്‍ ശ്രീരാമ പോളിടെക്‌നിക് റിട്ടയേര്‍ഡ് അധ്യാപിക). മക്കള്‍: ഹിരണ്‍ദത്ത്, നിരണ്‍ ദത്ത് (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: ഷീന, നടാഷ. സഹോദരങ്ങള്‍: ടി ആര്‍ അജയന്‍ (പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ഖജാഞ്ചി, കൈരളി ടിവി ഡയറക്ടര്‍), പ്രഫ. ടി ആര്‍ ഹാരി (നാട്ടിക എസ്എന്‍ കോളജ് റിട്ട. പ്രിന്‍സിപ്പല്‍). ഇന്ദിര, അരുണ, രജനി (ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്).
ടി ആര്‍ ചന്ദ്രദത്തിന്റെ നിര്യാണത്തില്‍ നിരവധി നേതാക്കള്‍ അനുശോചനമറിയിച്ചു. മാര്‍ക്‌സിസ്റ്റ്, ലെനിനിസ്റ്റ് ചിന്ത സമൂഹത്തില്‍ വളര്‍ത്താന്‍ വിവിധ മേഖലകളില്‍ ശാസ്ത്രീയമായും ജനകീയമായും ഇടപെട്ട സമര്‍ഥനായ പോരാളിയായിരുന്നു അദ്ദേഹമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
ചെലവ് കുറഞ്ഞ ഭവനനിര്‍മാണം, ഊര്‍ജസംരക്ഷണം, സ്ത്രീശാക്തീകരണം തുടങ്ങിയ വേറിട്ട മേഖലകളില്‍ ബദല്‍ രീതികള്‍ ആവിഷ്‌കരിച്ച ചന്ദ്രദത്തിന്റെ സംഭാവനകള്‍ നിരവധിയായിരുന്നുവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ശാരീരിക പ്രയാസങ്ങള്‍ അലട്ടിയപ്പോഴും പൊതുപ്രവര്‍ത്തനത്തിന് അദ്ദേഹം ഇടവേള നല്‍കിയില്ലെന്നത് അസാധാരണമായ മനസ്സാന്നിധ്യത്തിന്റെ കൂടി തെളിവാണെന്നും കാനം പറഞ്ഞു.

RELATED STORIES

Share it
Top