ടിപി സെന്‍കുമാറിനെതിരെ പരാതിയുമായി ജൂനിയര്‍ സൂപ്രണ്ട്

തിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാറിനെതിരെ പരാതിയുമായി ജൂനിയര്‍ സൂപ്രണ്ട് രംഗത്ത്. കേരള പോലീസിലെ അതീവ രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട കുമാരി ബീനയാണ് പരാതിയുമായി രംഗത്തെത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തന്നെ സ്ഥലം മാറ്റിയതെന്ന് കാണിച്ച് ബീന ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. വിവരാവകാശ നിയമത്തിന് പുറത്തുനില്‍ക്കുന്ന സേനാവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് ബീനയെ അപ്രധാനമായ യു ബ്രാഞ്ചിലേക്കാണ് മാറ്റിയത്.
തുടര്‍ന്ന് എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി എസ് സജീവ് ചന്ദ്രന് നിയമന ഉത്തരവ് നല്‍കിയെങ്കിലും സ്ഥാനമേറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. പിന്നീട് പേരൂര്‍ക്കട എസ്എപിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ ടി ബ്രാഞ്ചില്‍ നിയമിച്ചുകൊണ്ട് ഡിജിപി ഉത്തരവിട്ടു.
സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച് ഡിജിപി സ്ഥാനത്ത് തിരികെയെത്തിയ സെന്‍കുമാര്‍ ആദ്യം കൈകൊണ്ട തീരുമാനങ്ങളിലൊന്നാണ് കുമാരി ബീനയെ സ്ഥമം മാറ്റിയ നടപടി.
കഴിഞ്ഞ പത്ത് മാസമായി കൃത്യതയോടെ പ്രവര്‍ത്തിച്ചുവന്ന തന്നെ കാരണങ്ങളൊന്നുമില്ലാതെ മാറ്റിയത് ഗൂഢാലോചനയുടെ ഫലമാണെന്ന് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ കുമാരി ബീന ആരോപിച്ചു.  നേരത്തെ കൃത്യവിലോപത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനാണ് ഇപ്പോല്‍ ടി ബ്രാഞ്ചില്‍ നിയമിച്ച സുരേഷ് കൃഷ്ണയെന്നും പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top