ടിപി രക്തസാക്ഷി ദിനാചരണം വന്‍ വിജയമാക്കാന്‍ നാടൊരുങ്ങി

വടകര: ടി പി ചന്ദ്രശേഖരന്‍ ആറാം രക്തസാക്ഷി ദിനാചരണം വിവിധ പരിപാടികളോടെ ആചരിക്കാന്‍ നാടൊരുങ്ങിയതായി സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4 മണിക്ക് ടിപി വെട്ടേറ്റു വീണ വള്ളിക്കാട് നിന്നും ദീപശിഖാ പ്രയാണം ആരംഭിക്കും. കെ കെ സദാശിവന്റെ നേതൃത്വത്തില്‍ അത്‌ലറ്റുകള്‍, നൂറുകണക്കിന് വാഹനങ്ങള്‍, ബാന്‍ഡ് വാദ്യ ഗായക സംഘം എന്നിവയുടെ അകമ്പടിയോടെ ഓര്‍ക്കാട്ടേരി വഴി നെല്ലാച്ചേരിലെ ടിപിയുടെ ബലികുടീരത്തില്‍ ദീപശിഖ തെളിയിക്കും.  മെയ് 4ന് കാലത്ത് പ്രഭാതഭേരിയും പുഷപാര്‍ച്ചനയും നടക്കും.
വൈകിട്ട് 5 മണിക്ക് റെഡ് വോളന്റിയര്‍ മാര്‍ച്ചും, ആയിരങ്ങള്‍ അണി ചേരുന്ന ബഹുജന പ്രകടനവും വെള്ളികുളങ്ങരയില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് ഓര്‍ക്കാട്ടേരി ചന്ത മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം ആര്‍എംപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മീഗത്‌റാംപസ്‌ല ഉദ്ഘാടനം ചെയ്യും. ആര്‍എംപിഐ ചെയര്‍മാര്‍ കെ ഗംഗാധര്‍, ഹര്‍കമല്‍ സിങ്, പരജിത് പെ തുടങ്ങിയ അഖിലേന്ത്യാ നേതാക്കള്‍ പങ്കെടുക്കും. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പാര്‍ട്ടിക്കെതിരേ നിരന്തരമായ ആക്രമണങ്ങളും കള്ളകേസുകളും ചുമത്തി ഫാഷിസ്റ്റ് ഭീകരത സൃഷ്ടിക്കുകയാണ്. ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് ചെയ്യാനും ജയില്‍മോചിതരാക്കാനും നിയമവിരുദ്ധ പരോളും സുഖസൗകര്യങ്ങളും സര്‍ക്കാരിന്റെ ഒത്താശയോടെ ചെയ്തു കൊണ്ടിരിക്കുകയാണ്.
ഇത്തരം പ്രതിസന്ധികളെ സധൈര്യം നേരിട്ടു കൊണ്ട് ടിപിയുടെ പ്രസ്ഥാനം മുന്നോട്ടു പോവുകയാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. അറും കൊല ചെയ്ത പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് തന്നെ ടിപിയാണ് ശരിയെന്ന് ഒടുവില്‍ പരസ്യമായി അംഗീകരിക്കേണ്ടി വന്ന രാഷ്ട്രീയ സാഹചര്യം ഈ രക്തസാക്ഷി ദിനത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുകയാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഒഞ്ചിയം ഏരിയാ സെക്രട്ടറി കെ ചന്ദ്രന്‍, കെ കെ സദാശിവന്‍, കെ കെ ജയന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top