ടിഡിപി സമ്മര്‍ദത്തിനു വഴങ്ങി കേന്ദ്രം, ആന്ധ്രയ്ക്ക് 1269 കോടി

എന്‍  പി  അനൂപ് ന്യൂഡല്‍ഹി: ബജറ്റില്‍ ആന്ധ്രപ്രദേശിനെ അവഗണിച്ചെന്ന് ആരോപിച്ച് തെലുഗുദേശം പാര്‍ട്ടി (ടിഡിപി) നടത്തിയ പ്രതിഷേധത്തിനു മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കി. പാര്‍ലമെന്റിലും പുറത്തും പാര്‍ട്ടി നടത്തിവന്ന സമ്മര്‍ദത്തിന്റെ ഫലമായി 1269 കോടി രൂപയാണ് സംസ്ഥാനത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യം ഉന്നയിച്ച് ടിഡിപി അംഗങ്ങള്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് തടസ്സപ്പെടുത്തിയിരുന്നു. ബജറ്റിനെച്ചൊല്ലി ബിജെപിയുമായി ഉടലെടുത്ത ഭിന്നത മുന്നണിവിടുന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും വഴിവച്ചതിനു പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി സംസ്ഥാനത്തിനു സഹായധനം അനുവദിച്ച് ഉത്തരവിറങ്ങിയത്. കേന്ദ്രം അനുവദിച്ച തുകയില്‍ 319 കോടി രൂപ സംസ്ഥാനത്തിന്റെ ധനകമ്മി കുറയ്ക്കുന്നതിനും 253 കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റും 196 കോടി രൂപ അങ്കണവാടി ജീവക്കാര്‍ക്കുമാണ്. ഇതിനു പുറമേ 417 കോടി രൂപ പോളാവരം വിവിധോദ്ദേശ്യ പദ്ധതിക്കു മാത്രമായും നീക്കിവച്ചിട്ടുണ്ട്. പോളാവരം കേന്ദ്രപദ്ധതിയായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നേരത്തെത്തന്നെ ആന്ധ്ര സര്‍ക്കാര്‍ തുടങ്ങിവച്ചിരുന്നു. കൂടാതെ 31 കോടി രൂപ തൊഴിലുറപ്പു പദ്ധതിയിലേക്കും നീക്കിവച്ചിട്ടുണ്ട്. നേരത്തേ പോളാവരം പദ്ധതിയിലേക്ക് 3217 കോടി രൂപ സംസ്ഥാനം ചെലവിട്ടിരുന്നെങ്കിലും അത് ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ലെന്ന് ആന്ധ്രാ ധനമന്ത്രി യനമല രാമക്രിഷുന്ദു കഴിഞ്ഞ മാസം അരുണ്‍ ജയ്റ്റ്‌ലിക്ക് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കിരുന്നു. എന്നാല്‍, ആന്ധ്രാ വിഷയത്തില്‍ കോണ്‍ഗ്രസ്സും സംസ്ഥാനത്തെ പ്രബല കക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ്സും ഒരുമിച്ചതോടെ ഒരു പുതിയ രാഷ്ട്രീയ ചേരി രൂപപ്പെടുന്നെന്ന ആശങ്കയാണ് അടിയന്തരമായി ഇത്തരമൊരു തീരുമാനത്തിനു കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധവികാരം നിലനില്‍ക്കുന്നത് ബിജെപിക്കു തിരിച്ചടിയാവുമെന്ന സാഹചര്യം ഉടലെടുത്തിരുന്നു. മാത്രമല്ല, അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 16 എംപിമാരുള്ള എന്‍ഡിഎയിലെ മൂന്നാമത്തെ വലിയ കക്ഷിയായ ടിഡിപിയെയും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെയും പിണക്കുന്നത് ബുദ്ധിയല്ലെന്നു മനസ്സിലാക്കിയാണ് കേന്ദ്രം ധൃതിപിടിച്ചുള്ള തീരുമാനമെടുക്കുന്നത്. ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും ശിവസേന ഉടക്കിനില്‍ക്കുന്നതും കേന്ദ്രതീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top