ടാല്‍കം പൗഡര്‍

ദേഹശുദ്ധിക്കും പരിമളത്തിനും ഉപയോഗിക്കൂ ടാല്‍കം പൗഡര്‍ എന്നതായിരുന്നു കമ്പോളത്തിലെ വായ്ത്താരി. കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ കുട്ടിയുടുപ്പും ജോണ്‍സണ്‍ ബേബി പൗഡറും സമ്മാനമായി എത്തിക്കുന്നത് കേരളത്തിലും പതിവാണ്. ഇപ്പോള്‍ അമേരിക്കയിലെ മിസൗറി കോടതിയില്‍ ഒരു കേസില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്കെതിരേ 469 കോടി ഡോളറിന്റെ നഷ്ടപരിഹാരത്തിനുള്ള വിധിയാണ് ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ ടാല്‍കം പൗഡര്‍ ശരീരത്തില്‍ ഉപയോഗിച്ചതിന്റെ ഫലമായി ഗര്‍ഭപാത്രത്തില്‍ കാന്‍സറുണ്ടായി എന്നാണ് 22 സ്ത്രീകള്‍ വാദിച്ചത്. കേസ് നല്‍കിയവരില്‍ ആറുപേര്‍ നേരത്തേ മരിച്ചുപോയിരുന്നു.
കമ്പനി പറയുന്നത് തങ്ങളുടെ പൗഡര്‍ പരിശുദ്ധമാണെന്നാണ്. എന്നാല്‍, കേസിന് ആധാരമായ ആരോപണങ്ങള്‍ ഗുരുതരമാണ്. ലോകവ്യാപകമായി വിറ്റഴിക്കപ്പെടുന്ന ഉല്‍പന്നമാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ പൗഡറുകള്‍. അതില്‍ ഉപയോഗിക്കുന്ന അസംസ്‌കൃതവസ്തുവില്‍ ആസ്ബസ്റ്റോസിന്റെ ഘടകമുണ്ട് എന്നതാണ് ആരോപണത്തിനു കാരണം. ആസ്ബസ്റ്റോസ് കാന്‍സറിനു കാരണമാവും എന്നു നേരത്തേ കണ്ടെത്തിയതാണ്. പൗഡര്‍ കാന്‍സറിനു കാരണമാവും എന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ചില ഗവേഷകര്‍ പറയുന്നുണ്ട്. പക്ഷേ, മിസൗറി കോടതി വ്യത്യസ്തമായ നിഗമനത്തിലാണ് എത്തിയത്. നേരത്തേ ലോസ് ആഞ്ചലസിലെ ഒരു കോടതിയും ഇത്തരമൊരു നിഗമനത്തില്‍ എത്തിയിരുന്നു. ഇനിയിപ്പോള്‍ കേസ് മേല്‍ക്കോടതികളിലേക്കു പോവും. പൗഡറിടുമ്പോള്‍ ഒന്നു സൂക്ഷിച്ചാല്‍ നല്ലതാണ്.

RELATED STORIES

Share it
Top