ടാര്‍ മിക്‌സിങ് യൂനിറ്റിനെതിരേ പ്രക്ഷോഭവുമായി നാട്ടുകാര്‍

കണ്ണൂര്‍: പടിയൂര്‍ പഞ്ചായത്തിലെ കല്യാട് പ്രവര്‍ത്തിക്കുന്ന ഇരിക്കൂര്‍ കണ്‍സ്ട്രക്്ഷന്‍ കമ്പനിയുടെ സ്റ്റോണ്‍ ക്രഷറും ഇതോടനുബന്ധിച്ചുള്ള ടാര്‍ മിക്‌സിങ് യൂനിറ്റും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതിനെതിരേ നാട്ടുകാര്‍ രംഗത്ത്.
ക്രഷര്‍ യൂനിറ്റിന് ചുറ്റുമായി നിരവധി വീടുകളും 200 മീറ്റര്‍ അപ്പുറം ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും നൂറു മീറ്ററിനടുത്ത് റഹ്്മാനിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളും അര കിലോമീറ്റര്‍ മാറി സിബ്്ഗ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇവയ്‌ക്കെല്ലാം കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കി ക്രഷര്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ഒരു മാനദണ്ഡവും കൂടാതെ കമ്പനി രണ്ടു ടാര്‍ മിക്‌സിങ് യൂനിറ്റ് തുടങ്ങിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കൂടാതെ ഒരു എംസാന്റ് പ്ലാന്റും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ടാര്‍ മിക്‌സിങ് യൂനിറ്റില്‍ നിന്നുള്ള കറുത്തപുകയും വിഷ വാതകവും ദുര്‍ഗന്ധവും കാരണം പരിസരവാസികള്‍ക്ക് ശ്വാസകോശ രോഗങ്ങള്‍, ചൊറിച്ചില്‍, കടുത്ത തലവേദന, അലര്‍ജി രോഗങ്ങള്‍ എന്നിവ വ്യാപകമായിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ കാരണം, 50 കുട്ടികളുണ്ടായിരുന്ന ഇവിടുത്തെ അങ്കണവാടിയില്‍ നിന്നു കുട്ടികളെ മാറ്റിത്തുടങ്ങി.
ഇപ്പോള്‍ 10 കുട്ടികളാണുള്ളത്. എംസാന്റ് പ്ലാന്റിനാവശ്യമായ ജലം വയക്കാംകോട് പൈസായി പ്രദേശവാസികളുടെ ജലസ്രോതസില്‍നിന്നു ഊറ്റിയെടുക്കുകയാണ്. ഇതോടെ പ്രദേശം വറ്റിവരണ്ടു. കൂടാതെ കുഴല്‍കിണറുണ്ടാക്കി വെള്ളം ഊറ്റിയെടുക്കുന്നതിനാല്‍ സമീപ ജലസ്രോതസ്സുകള്‍ വറ്റിവരളുകയാണ്. സ്റ്റോണ്‍ ക്രഷര്‍ നടത്താനുള്ള താല്‍ക്കാലിക അനുമതിയിലാണ് ടാര്‍ മിക്‌സിങ് യൂനിറ്റ്, എംസാന്റ് പ്ലാന്റ് എന്നിവ പ്രവര്‍ത്തിക്കുന്നത്.
നിരവധി തവണ ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും പഞ്ചായത്തും ബന്ധപ്പെട്ട അധികൃതരും നടപടിയെടുക്കുന്നില്ലെന്ന് പാട്ടക്കാല്‍ ജനകീയ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനെതിരേ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നു വൈകീട്ട് നാലിന് സിദ്ദീഖ് നഗറില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കും.
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജനകീയ സമിതി ഭാരവാഹികളായ എ സി മാഹിന്‍, വി ആര്‍ സനിത്കുമാര്‍, പി സതീശന്‍, കെ കെ അബ്ദുസ്സലാം, കെ എം അബ്ദുല്‍ഖാദര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top