ടാര്‍ മിക്‌സിങ് പ്ലാന്റ് ഉപരോധം; സമരസമിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇരിക്കൂര്‍: പടിയൂര്‍ പഞ്ചായത്തിലെ പാറ്റക്കലില്‍ പ്രവര്‍ത്തിച്ചുവരുന്ന മലബാര്‍ ടാര്‍ മിക്‌സിങ് പ്ലാന്റ്, എം സാന്റ് പ്ലാന്റ് എന്നിവ പൂട്ടണമെന്നാവശ്യപ്പെട്ട് പാറ്റക്കല്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല ധര്‍ണാസമരത്തിനിടെ ലോറി തടഞ്ഞതിന്റെ പേരില്‍ സമരാംഗങ്ങളായ 10 പേരെ ഇരിക്കൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.
സിപിഎം ഇരിക്കൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ടി വി നവാസ്(36), വി സിയാദ് (38), മനോജ് (28), രമേശന്‍ (30), സതീശന്‍(33), വിജേഷ് (30), മുഹമ്മദ്(45), രാജീവന്‍, ഹനീഫ, ഹരിദാസന്‍ (39) എന്നിവരെയാണ് അറസ്റ്റുചെയ്തത്്. ഇന്നലെ രാവിലെയാണ് സംഭവം. ടാര്‍ മിക്‌സിങ്് യൂനിറ്റില്‍ നിന്നു മെറ്റലുമായി പോവുകയായിരുന്ന ടിപ്പര്‍ലോറിയെ കവാടത്തിനു മുന്നില്‍വച്ച് സമരസമിതി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
ഇതിനിടെ സമരസമിതി പ്രവര്‍ത്തകരും പ്ലാന്റ് തൊഴിലാളികളും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. പ്ലാന്റ് പരിസരത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലിസ് ക്യാംപ് ആരംഭിച്ചു. പാറ്റക്കല്‍ ടാര്‍ മിക്‌സിങ് പ്ലാന്റുകള്‍ പൂട്ടി നാട്ടുകാരുടെ ആരോഗ്യ പ്രശ്‌നങ്ങളും കടിവെള്ള പ്രശ്‌നവും പരിഹരിച്ചില്ലെങ്കില്‍ പടിയൂര്‍ പാറ്റക്കലില്‍ കീഴാറ്റൂര്‍ ആവര്‍ത്തിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. സ്ഥലത്തെ അങ്കണവാടി ടീച്ചര്‍ റുക്‌സാനയുടെ നേതൃത്വത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും ധര്‍ണയില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top