ടാങ്കിന് ചോര്‍ച്ച; പെട്രോള്‍ പമ്പിലെ ഇന്ധനം കിണറുകളിലേക്ക് ഒഴുകി

കടുത്തുരുത്തി: പെട്രോള്‍ പമ്പിലെ ഇന്ധനം കിണറുകളിലേക്ക് ഒഴുകി. തുടര്‍ന്ന് നാല് വീടുകളിലെ കിണറുകളില്‍ ഡീസല്‍ പതിച്ചു. കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിക്കാന്‍ സാധ്യത. മുട്ടുചിറയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിലെ ഡീസല്‍ ടാങ്കിനുണ്ടായ ചോര്‍ച്ചയെ തുടര്‍ന്നാണ് സമീപത്തെ വീടുകളിലെ കിണറുകളില്‍ ഡീസല്‍ ഒഴുകിയെത്തിയത്. മുട്ടുചിറ ബെന്‍സ്‌വില്ലയില്‍ ബാബു മാത്യു, കരോടന്‍ സാബു, മഠത്തിക്കുന്നേല്‍ ചാക്കോ, തട്ടത്തുപറമ്പില്‍ ജോണി എന്നിവരുടെ വീട്ടിലെ കിണറുകളിലാണു ഡീസല്‍ ഒഴുകിയെത്തിയത്. ഇന്നലെ പുലര്‍ച്ചെ ആറോടെ വീട്ടാവശ്യങ്ങള്‍ക്കായി വെള്ളം ശേഖരിക്കുന്നതിനിടയിലാണു വെള്ളത്തില്‍ ഡീസലിന്റെ മണം അനുഭവപ്പെട്ടത്. രൂക്ഷമായ ഗന്ധം അനുഭവപ്പെട്ട് സംശയം തോന്നി കിണറിലെ വെള്ളം കോരി പരിശോധിച്ചപ്പോഴാണ് വെള്ളത്തിനു കളര്‍ വ്യത്യാസവും ഡീസല്‍ കലര്‍ന്നാതായി മനസ്സിലായത്. ഉടന്‍ തന്നെ വീട്ടുകാര്‍ പമ്പ് ഉടമസ്ഥനെയും പോലിസിനെയും വിവരമറിയിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഐഒസി പ്ലാന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പിള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. സാമ്പിള്‍ മെഡിക്കല്‍ കോളജ് മൈക്രോബയോളജി ലാബില്‍ പരിശോധനയ്ക്ക് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പമ്പ് ഉടമയ്ക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കുമെന്നും ടാങ്ക് പുതുതായി നിര്‍മിച്ച്  പരിശോധിച്ചതിനു ശേഷം മാത്രമേ ഇനി ടാങ്കില്‍ ഡീസല്‍ നിറക്കാവൂ എന്ന് നിര്‍ദേശം നല്‍കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.  ഐഒസി പ്ലാന്റ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ഡീസല്‍ ടാങ്കിനു ചോര്‍ച്ചയുള്ളതായി സ്ഥിരീകരിച്ചു.

RELATED STORIES

Share it
Top