ടാങ്കര്‍ ലോറി: പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം

കണ്ണൂര്‍:  ജില്ലയിലൂടെ സര്‍വീസ് നടത്തുന്ന ടാങ്കര്‍ലോറികളെ കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് കണ്ണൂരില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉല്‍പന്നങ്ങളുമായി പോവുന്ന ടാങ്കര്‍ലോറികളില്‍ രണ്ടു ഡ്രൈവര്‍മാരും ഒരു ക്ലീനര്‍മാരും വേണമെന്നാണ് ചട്ടം. എന്നാല്‍ പലരും ഇതു പാലിക്കാറില്ല.
ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് കേരളത്തില്‍ നടന്ന മിക്ക ടാങ്കര്‍ അപകടങ്ങളുടെയും കാരണം. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കേണ്ട എമര്‍ജന്‍സി റെസ്‌ക്യു വെഹിക്കിളുകള്‍ എല്ലാ പ്ലാന്റുകള്‍ക്കും ഉണ്ടായിരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. എല്ലാ ജില്ലകളിലും എല്ലാ പെട്രോളിയം കമ്പനികള്‍ക്കും റസ്‌ക്യൂ ഓപറേഷന്‍ ടീം ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. രണ്ടാഴ്ചയ്ക്കിടെ സ്വീകരിച്ച നടപടി വ്യക്തമാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. ബിപിസിഎല്‍ മാനേജര്‍ പി കെ പത്മനാഭന്‍ ക്ലാസെടുത്തു. പെട്രോളിയം നിറച്ച ടാങ്കറിനേക്കാള്‍ അപകടം കാലിയായ ടാങ്കര്‍ ലോറിയാണെന്ന് അദ്ദേഹം പറഞ്ഞു. കാലി ടാങ്കര്‍ ലോറിയില്‍ ബാഷ്പീകരിച്ച പെട്രോള്‍ ഉണ്ടാവും.
ഇത് ദ്രവ പെട്രോളിനേക്കാള്‍ തീപിടിത്തമുണ്ടാക്കും. ടാങ്കറില്‍ പെട്രോള്‍ നിറയ്ക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ സ്ഥലം ഒഴിച്ചിടണമെന്ന് പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല. ടാങ്കര്‍ അപകടം നടന്നാലുടന്‍ ജനങ്ങളെ ഒഴിപ്പിക്കണം. ഉടന്‍ പോലിസിനെയും അഗ്‌നിശമന സേനയെയും അറിയിക്കണം. കാബിനില്‍ ട്രാന്‍സ്‌പോര്‍ട്ട് എമര്‍ജന്‍സി കാര്‍ഡ് സൂക്ഷിച്ചിരിക്കും. ഇതില്‍ അപകടമുണ്ടായില്‍ ബന്ധപ്പെടേണ്ട നമ്പര്‍ ഉണ്ടാവും.
മുന്നറിയിപ്പ് സംവിധാനങ്ങളായ എമര്‍ജന്‍സി പാനല്‍, ക്ലാസ് ലേബല്‍ എന്നിവയില്‍ നോക്കി ഏത് ഉല്‍പന്നമാണ് വാഹനത്തിലെന്ന് മനസ്സിലാക്കണം. തീ പിടിക്കാന്‍ സാധ്യത ഉള്ളതാണെങ്കില്‍ വാഹനത്തിനരികില്‍ തീപ്പൊരി ഉണ്ടാവാന്‍ സാധ്യതയുള്ളതെല്ലാം ഒഴിവാക്കണം. സാധ്യമെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി ഒഴിവാക്കണം. പുറത്തേക്ക് വരുന്ന വാതകം വെള്ളമുപയോഗിച്ച് തണുപ്പിക്കണം.
ചോരുന്നത് അമോണിയ ആണെങ്കില്‍ നന്നായി നനച്ച ടൗവല്‍ മുഖത്തിടുകയും നനച്ച ടൗവല്‍ കൊണ്ട് മുഖം തുടക്കുകയും ചെയ്യുന്നത് സുരക്ഷിതമാണ്. അതേസമയം, ദ്രവരൂപത്തിലുള്ള അമോണിയ പുറത്തുവരുന്നത് അപകട സാധ്യത കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാക്ട് കൊച്ചി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. കെ ജയചന്ദ്രന്‍, ബിപിസിഎല്‍ മാനേജര്‍ പി കെ പത്മനാഭന്‍,
ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഇന്‍സ്‌പെക്ടര്‍ കെ കണ്ണയ്യന്‍ സംസാരിച്ചു. ഫയര്‍ ആന്റ് സേഫ്റ്റി വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top