ടാങ്കര്‍ പൊട്ടിത്തെറിച്ച്് 50 പേര്‍ വെന്തുമരിച്ചു

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച്് 50 പേര്‍ വെന്തുമരിച്ചു. തലസ്ഥാനമായ കിന്‍ഷാസയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള എംബുട ഗ്രാമത്തിലാണ് അപകടമെന്നു കോംഗോ മധ്യപ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ അറ്റോ മടുബ്വാന അറിയിച്ചു.
എണ്ണ ടാങ്കര്‍ എതിരേ വന്ന വാഹനത്തിലിടിച്ച് അപകടത്തില്‍പെടുകയായിരുന്നു. 100ലധികം പേര്‍ക്കു പൊള്ളലേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണെന്നും തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പ്രവിശ്യാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടം നടന്ന് സ്ഥലത്തിന് സമീപത്തെ വീടുകള്‍ക്കും തീപിടിച്ചിട്ടുണ്ട്.
ടാങ്കര്‍ ഒരു ബസ്സുമായി കൂട്ടിയിടിക്കുകയും ഇന്ധനം ചോരാനാരംഭിക്കുകയുമായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് ഇന്ധനം ശേഖരിക്കുന്നതിനായി നാട്ടുകാര്‍ ടാങ്കറിനടുത്തെത്തി. അപ്പോളാണു ടാങ്കര്‍ പൊട്ടിത്തെറിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
യുദ്ധത്തെയും സാമ്പത്തിക പ്രതിസന്ധികളെയും തുടര്‍ന്നു രാജ്യത്തെ റോഡുകള്‍ മോശം നിലയില്‍ തുടരുകയാണ്. 2010ല്‍ സമാനമായ അപകടത്തില്‍ 230 പേര്‍ മരിച്ചിരുന്നു. ഓടിക്കൊണ്ടിരിക്കവേ ടാങ്കര്‍ നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞു പൊട്ടിത്തെറിച്ചായിരുന്നു അന്ന് അപകടമുണ്ടായത്.

RELATED STORIES

Share it
Top