ടയര്‍ ക്ഷാമം: കെഎസ്ആര്‍ടിസി ബസ്സുകള്‍ കട്ടപ്പുറത്ത്

കാസര്‍കോട്: ടയര്‍ ക്ഷാമത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി കാസര്‍കോട് ഡിപ്പോയിലെ ഏഴ് ബസുകള്‍ കട്ടപ്പുറത്തായി. കാസര്‍കോട് -മംഗളൂരു  റൂട്ടിലെ മൂന്ന് ബസുകളും കാഞ്ഞങ്ങാട് റൂട്ടിലെ രണ്ട് ബസുകളും പാണത്തൂര്‍, എളേരി റൂട്ടുകളിലെ രണ്ട് ബസുകളുമാണ് കട്ടപ്പുറത്തായത്. കെ എസ് ആര്‍ടിസി ഡിപ്പോയില്‍ ആവശ്യത്തിന് ടയറില്ലെന്നും ടയര്‍ അയച്ചുതരണമെന്നും ആവശ്യപ്പെട്ട് ഡിപ്പോ മാനേജര്‍ നേരത്തെ തന്നെ കത്ത് നല്‍കിയിരുന്നു. എടപ്പാളില്‍ നിന്നാണ് ടയര്‍ എത്തേണ്ടത്. എന്നാല്‍ അവിടെനിന്നും ഇതുവരെ ടയര്‍ അയച്ചില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
ഡിപ്പോയില്‍ നിലവില്‍ നാ ല്‍പതോളം ടയറുകള്‍ എത്തിച്ചാല്‍ മാത്രമേ നിലവില്‍ ഇവിടെയുള്ള എല്ലാ ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ സാധിക്കുകയുള്ളു. യന്ത്രത്തകരാര്‍ മൂലം സര്‍വീസ് നടത്താത്ത ബസുകളുടെ ടയര്‍ മാറ്റിയിട്ടാണ് ഇപ്പോള്‍ സര്‍വീസ് ക്രമീകരിക്കുന്നത്.
വരും ദിവസങ്ങളില്‍ ടയര്‍ എത്തിയില്ലെങ്കില്‍ കൂടുതല്‍ ഷെഡ്യൂളുകള്‍ വെട്ടികുറക്കേണ്ട സ്ഥിതിയാണ്. നിലവില്‍ ഈ ഡിപ്പോയില്‍ നിന്നും 100 ഷെഡ്യൂളുകളിലായി 98 ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഇപ്പോള്‍ 31 ഡ്രൈവര്‍മാരുടെ കുറവുണ്ട്. നിലവിലുള്ള ഡ്രൈവര്‍മാര്‍ ഓവര്‍ടൈം ജോലി ചെയ്താണ് ഈ കുറവ് പരിഹരിക്കുന്നത്. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍  കര്‍ണാടക ആര്‍ടിസി ബസുകള്‍ വന്‍ ലാഭം കൊയ്യുമ്പോള്‍ കേരള ആര്‍ടിസി ഇപ്പോഴും കിതക്കുകയാണ്. കാസര്‍കോട് നി്ന്നും തൊക്കോട്ട് ദേര്‍ളക്കട്ട് വഴി ബിസി റോഡിലേക്ക് കര്‍ണാടക ബസിന് സര്‍വീസുകള്‍ നടത്തുന്നുണ്ട്.
മംഗളൂരു യൂനിവേഴ്‌സിറ്റി, പിഎ കോളജ്, കെഎസ് ഹെഗ്‌ഡെ, കണച്ചൂര്‍, യേനപ്പോയ മെഡിക്കല്‍ കോളജുകള്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ എത്തിപ്പെടുന്നതും കൂടുതല്‍ മലയാളികളാണ്. എന്നിട്ടും കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ ആരംഭിച്ചിട്ടില്ല. ചന്ദ്രഗിരി കെഎസ്ടിപി റോഡിലും ആവശ്യത്തിന് സര്‍വീസ് നടത്താന്‍ ബസുകളില്ലാത്ത്ത് യാത്രക്കാരെ വലക്കുന്നുണ്ട്.

RELATED STORIES

Share it
Top