ഞെട്ടിക്കുളം ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു

എടക്കര: പോത്തുകല്‍ ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഞെട്ടിക്കുളം ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളടങ്ങിയ ഫ്‌ളക്‌സുകളും, ബോര്‍ഡുകളും, ബാനറുകളും വാര്‍ഡില്‍ അങ്ങോളമിങ്ങോളം നിരന്നുകഴിഞ്ഞു.
ഞെട്ടിക്കുളം, പോത്തുകല്‍ ടൗണുകളിലാണ് സ്ഥാനാര്‍ഥികളുടെ പരസ്യങ്ങള്‍ കൂടുതലായുള്ളത്. മൂന്ന് സ്ഥാനാര്‍ഥികളാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇടത് സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ രജനിയും, യുഡിഎഫ് സ്ഥാനാര്‍ഥിയായി അനുസ്മിതയും, ബിജെപി സ്ഥാനാര്‍ഥിയായി മിനി ഷാജിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. മുന്‍ ഗ്രാമപ്പഞ്ചായത്തംഗം യുഡിഎഫിലെ താര മരിച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥികള്‍ ഒന്നാം റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ചിലര്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രചാരണത്തിന് നേതാക്കന്‍മാരും രംഗത്തുണ്ട്. നാനൂറോളം വീടുകളുള്ള വാര്‍ഡില്‍ 1218-വോട്ടര്‍മാരാണുള്ളത്. എന്‍പത്തിനാല് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് താര എല്‍ഡിഎഫിലെ കെ കെ രത്‌നമ്മയെ പരാജയപ്പെടുത്തിയിരുന്നത്. ജനുവരി പതിനൊന്നിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. പതിനേഴ് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫാണ് ഭരണം നടത്തുന്നത്. യുഡിഎഫിന് ഒന്‍പതും, എല്‍ഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്. താരയുടെ മരണത്തെത്തുടര്‍ന്ന് ഇരു കക്ഷികളും എട്ടുവീതം സീറ്റുകളുമായി നില്‍ക്കുകയാണ്. വാര്‍ഡില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥിയായിരിക്കും ഭരണം നിശ്ചയിക്കുക.
നിലവിലെ ഭരണം നിലനിര്‍ത്താന്‍ യുഡിഎഫും, പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും എല്ലാവിധ തന്ത്രങ്ങളും പുറത്തെടുത്ത് തുടങ്ങി. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണം കടുത്തിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഉന്നത രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം വാര്‍ഡിലുണ്ടാകുമെന്ന് കരുതുന്നു. വാര്‍ഡിലെ വോട്ടര്‍ കൂടിയായ തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് കഴിഞ്ഞ ദിവസം നടന്ന എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും എത്തിയിരുന്നില്ല.

RELATED STORIES

Share it
Top