ഞാന്‍, ജീവിച്ചിരിക്കുന്ന പ്രേതം, ജീവിക്കാന്‍ വഴിയില്ലബുക്കാറസ്റ്റ് : "ഞാനൊരു ജീവിക്കുന്ന പ്രേതമാണ്. ഔദ്യോഗികമായി മരിച്ചയാളാണെങ്കിലും ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു".. കോണ്‍സ്റ്റന്റീന്‍ റെല്യു എന്ന റുമാനിയക്കാരനാണ് തന്റെ അവസ്ഥയെക്കുറിച്ച് വികാരഭരിതനായി ഇതു പറയുന്നത്. കേള്‍ക്കുന്നവര്‍ക്ക് തമാശയായി തോന്നുമെങ്കിലും  63 വയസുള്ള റെല്യൂവിന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്നം കുറച്ചു ഗൗരവമുള്ളതാണ്. മരിച്ചയാളായതുകൊണ്ട് തൊഴിലൊന്നും ലഭിക്കുന്നില്ല. വരുമാനമൊന്നുമില്ലാതെ എങ്ങിനെ ജീവിക്കും?
റുമാനിയക്കാരനായ റെല്യു 1992ലാണ് തുര്‍ക്കിയിലേക്ക് ആദ്യമായി ജോലി തേടി പോകുന്നത്. മൂന്നു വര്‍ഷം കഴിഞ്ഞ് തിരിച്ചു വന്നത് അത്ര സുഖമല്ലാത്ത വാര്‍ത്തയിലേക്കാണ്. ഭാര്യ വഞ്ചിച്ചിരിക്കുന്നു. 1999 ല്‍ വീണ്ടും തുര്‍ക്കിയിലേക്ക് പോയി, പാചകക്കാരനായി ജോലി ചെയ്തു. രേഖകളുടെ കാലാവധി തീര്‍ന്നതിനാല്‍ കഴിഞ്ഞ വര്‍ഷം അധികൃതര്‍ പിടികൂടി. ഈ വര്‍ഷമാദ്യം അവര്‍ റെല്യുവിനെ റുമാനിയയിലേക്ക് തിരിച്ചയച്ചു.
റുമാനിയയില്‍ തിരിച്ചെത്തിയ റില്യുവിനെ ബുകാറസ്‌ററ് വിമാനത്താവളത്തില്‍ വച്ച് ഉദ്യോഗസ്ഥര്‍ പിടികൂടി. ആറു മണിക്കൂര്‍ വിശദമായി ചോദ്യം ചെയ്തു. നിരവധി പരിശോധനകളും നടത്തി. ഒടുവില്‍ ഉദ്യോഗസ്ഥര്‍ കാര്യം തുറന്നു പറഞ്ഞു. വിരലടയാളവും കണ്ണുകളുമൊക്കെ പരിശോധിച്ചതു പ്രകാരം പിടിയിലായത് റില്യു തന്നെയാണെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ രേഖകള്‍ പ്രകാരം റില്യു മരിച്ചു കഴിഞ്ഞിരിക്കുന്നു.
സ്വന്തം നഗരമായ ബാര്‍ലാദില്‍ തിരിച്ചെത്തിയപ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം കൂടുതല്‍ ബോധ്യമാകുന്നത്. റില്യു ജീവിച്ചിരിക്കുന്നുവെന്ന് അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. അതിനാല്‍ത്തന്നെ ജോലിയൊന്നും ലഭിക്കുന്നില്ല. ജീവിക്കാന്‍ വഴിയില്ല.
താന്‍ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ക്കായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ തന്റെ പേരിലുള്ള 2016 ലെ മരണ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിക്കിട്ടാന്‍ കോടതിയെ സമീപിച്ചു. എന്നാല്‍ അപേക്ഷ ഏറെ വൈകിപ്പോയി എന്നു ചൂണ്ടിക്കാട്ടി കോടതി തള്ളുകയായിരുന്നു. ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ല. കടുത്ത പ്രമേഹവും കൂടിയായതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ഇപ്പോള്‍ തുര്‍ക്കിയിലേക്ക് തന്നെ തിരിച്ചു പോകുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ് റില്യു. എന്നാല്‍ തുര്‍ക്കിയില്‍ തിരിച്ചെത്തുന്നതിന് ആ ജീവനാന്ത വിലക്കുണ്ട്. ഈ വിലക്ക് നീക്കിക്കിട്ടാന്‍ തുര്‍ക്കി പ്രധാനമന്തി എര്‍ദോഗാന് കത്തെഴുതാനൊരുങ്ങുകയാണ് റെല്യു ഇപ്പോള്‍.

RELATED STORIES

Share it
Top