ഞാനിപ്പോള്‍ ഹിന്ദുവാണ്; ഇനിയെങ്കിലും നീതി തരൂ: അക്തര്‍ അലി

ന്യൂഡല്‍ഹി: മകന്റെ ദുരൂഹമരണത്തില്‍ നീതി കിട്ടാന്‍ ഉത്തര്‍പ്രദേശില്‍ മധ്യവയസ്‌കന്‍ കുടുംബസമേതം ഹിന്ദുമതം സ്വീകരിച്ചു. ബഘ്പത് സ്വദേശിയായ അക്തര്‍ അലിയാണ് 20 അംഗകുടുംബത്തോടൊപ്പം മതംമാറിയത്. മതംമാറിയ അക്തര്‍, ധരം സിങ് എന്ന പേരു സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ ജൂണ്‍ 22ന് അക്തറിന്റെ മകന്‍ ഗുല്‍സാര്‍ അലി ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു.
വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയത്. എന്നാ ല്‍ ഇതു കൊലപാതകമാണെന്നു ചൂണ്ടിക്കാട്ടി പല തവണ അക്തര്‍ പരാതി നല്‍കിയെങ്കിലും പോലിസ് അന്വേഷണം നടത്തിയില്ല.
ആവര്‍ത്തിച്ചുള്ള പരാതിക്കൊടുവില്‍ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി പോലിസ് കേസ് അവസാനിപ്പിച്ചു. ഇതോടെയാണു ഹിന്ദുമതത്തിലേക്കു മാറി വീണ്ടും മകന്റെ കേസില്‍ പരാതി നല്‍കാന്‍ അക്തര്‍ തീരുമാനിച്ചത്. ഇതുപ്രകാരം മതംമാറാനുള്ള തീരുമാനം അറിയിച്ച് ഈ മാസം ഒന്നിന് ജില്ലാ കലക്ടര്‍ക്ക് സത്യവാങ്മൂലം നല്‍കി. ചൊവ്വാഴ്ച ബദര്‍ക ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ ഹിന്ദുമതം സ്വീകരിക്കുകയും പേരുമാറ്റുകയുമായിരുന്നുവെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഉത്ത ര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരമാണ് മതംമാറ്റ ചടങ്ങുകള്‍ക്കു നേതൃത്വം കൊടുത്തത്. ഭാര്യ നഫീസ മക്കളായ ദില്‍ഷാദ്, നൗഷാദ്, ഇര്‍ഷാദ് തുടങ്ങിയവരാണ് മതംമാറിയത്. ഇവര്‍ പിന്നീട് പുതിയ പേരും സ്വീകരിച്ചു. മുസ്‌ലിമായിരിക്കുന്ന കാലത്തോളം തനിക്കു നീതി ലഭിക്കില്ലെന്ന് അക്തര്‍ അലി പറഞ്ഞു. നരേന്ദ്രമോദിയുടെ ഇന്ത്യയില്‍ മുസ്‌ലിംകള്‍ നീതിപൂര്‍വം പരിഗണിക്കപ്പെടില്ലെന്നും അദ്ദേഹം ആരോപിച്ചു.

RELATED STORIES

Share it
Top