ഞങ്ങളില്ലെങ്കില്‍ നിങ്ങളില്ല; സൗദിയെ നിസ്സാരമാക്കി ട്രംപ്

മിസിസിപ്പി: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ നിസ്സാരവല്‍ക്കരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെയും അമേരിക്കന്‍ സൈന്യത്തിന്റെയും പിന്തുണയില്ലെങ്കില്‍ സൗദി രാജാവ് സല്‍മാന്‍ രണ്ടാഴ്ച പോലും ആ പദവിയില്‍ ഉണ്ടാവില്ലെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയാണ് സൗദിയെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മിസിസിപ്പിയില്‍ റാലിയില്‍ സംസാരിക്കുമ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റ് സൗദി ഭരണാധികാരിയെ നിസ്സാരനാക്കിയത്.
സൗദി സമ്പന്നരാജ്യമാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ എന്നു ചോദിച്ച ട്രംപ് സല്‍മാന്‍ രാജാവിനെ ഞാന്‍ ഇഷ്ടപ്പെടുന്നുവെന്നും എന്നാല്‍ അമേരിക്കയാണ് സൗദിയെ സംരക്ഷിക്കുന്നതെന്ന് താക്കീത് നല്‍കിയെന്നും പറയുകയായിരുന്നു. ഞങ്ങളില്ലെങ്കില്‍ രണ്ടാഴ്ച പോലും ആ പദവിയില്‍ നിങ്ങളുണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. നിരവധി പേര്‍ പങ്കെടുത്ത പരിപാടിയിലാണ് അമേരിക്കന്‍ പ്രസിഡന്റ് സൗദിയെ നിസ്സാരമാക്കി സംസാരിച്ചത്. സൗദി രാജാവിനോട് പറഞ്ഞ കാര്യങ്ങള്‍ ട്രംപ് പരസ്യമാക്കുകയായിരുന്നു. എന്നാല്‍ എപ്പോഴാണ് സൗദി രാജാവിനോട് ഈ കാര്യങ്ങള്‍ പറഞ്ഞതെന്ന് ട്രംപ് വിശദമാക്കിയില്ല.
എണ്ണ വിഷയത്തില്‍ ഇരു രാജ്യങ്ങളും വ്യത്യസ്ത വീക്ഷണമാണ് വച്ചുപുലര്‍ത്തുന്നത്. ഇറാനെതിരേ അമേരിക്ക ഉപരോധം ശക്തമാക്കുന്ന സാഹചര്യത്തില്‍ ഒരു രാജ്യങ്ങളും ഇറാന്റെ എണ്ണ ഉപയോഗിക്കരുതെന്നാണ് ട്രംപിന്റെ ആവശ്യം. ഇറാന്റെ എണ്ണ വിപണിയില്‍ നിന്ന് ഇല്ലാതായാല്‍ സ്വാഭാവികമായും വില കൂടും. ഈ പ്രശ്‌നം പരിഹരിക്കാന്‍ സൗദിയോട് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ നിര്‍ദേശം കഴിഞ്ഞയാഴ്ച ചേര്‍ന്ന ഒപെക് - ഒപെക് ഇതര രാജ്യങ്ങളുടെ സംയുക്ത യോഗം ചര്‍ച്ചനടത്തിയിരുന്നു. എന്നാല്‍ അധികം എണ്ണ ഉല്‍പ്പാദിപ്പിക്കേണ്ട എന്നാണ് യോഗം തീരുമാനിച്ചത്. അടിയന്തിരമായി അധികം ഉല്‍പാദിപ്പിക്കേണ്ട ആവശ്യമില്ല. മതിയായ എണ്ണ ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും സൗദി ഊര്‍ജ മന്ത്രി വിശദമാക്കിയിരുന്നു.
എണ്ണ ഉല്‍പാദന വിഷയത്തില്‍ തീരുമാനം വന്നതിന് പിന്നാലെയാണ് സൗദി രാജാവിനെ അപകീര്‍ത്തിപ്പെടുത്തുംവിധം അമേരിക്കന്‍ പ്രസിഡന്റ് സംസാരിച്ചത്. ഇതിനോട് സൗദി ഭരണകൂടം പ്രതികരിച്ചിട്ടില്ല. മിക്ക എണ്ണ ഉല്‍പാദക രാജ്യങ്ങളെയും സഹായിക്കുന്നത് അമേരിക്കയാണ്. എന്നാല്‍ അവര്‍ തിരിച്ചുനല്‍കുന്നത് ഉയര്‍ന്ന വിലയാണ്. അത് ശരിയല്ല. എണ്ണയ്ക്ക് കുറഞ്ഞ വില ഈടാക്കണമെന്നാണ് അമേരിക്കയുടെ ആവശ്യമെന്നും ട്രംപ് പറഞ്ഞു.
സൗദിയും അമേരിക്കയും വര്‍ഷങ്ങളായി അടുത്ത ബന്ധമാണ്. അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപിന്റെ ആദ്യ വിദേശസന്ദര്‍ശനം സൗദിയിലേക്കായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും ട്രംപ് സൗദി രാജാവുമായി ഫോണില്‍ സംസാരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ അമേരിക്കയിലെ പ്രമുഖരെ തന്നെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top