ജ. ലോയുടെ മരണം: അന്വേഷണം വേണമെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ടിരുന്ന ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് സുപ്രിംകോടതി സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍.
കേസ് സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്നു ജഡ്ജിമാരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം. കേസിന്റെ ആദ്യാവസാനം ഒരു ജഡ്ജിതന്നെ വാദം കേള്‍ക്കണമെന്ന സുപ്രിംകോടതി ഉത്തരവ് സുഹ്‌റബുദ്ദീന്‍ കേസില്‍ ലംഘിക്കപ്പെട്ടു. ഇക്കാര്യവും പ്രത്യേകം അന്വേഷിക്കണമെന്നും കപില്‍ സിബല്‍ പറഞ്ഞു.
കേസിന്റെ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ലോയയുടെ മരണത്തെക്കുറിച്ച് കുടുംബം ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ വളരെ ഗുരുതരമാണ്. ഈ വിഷയത്തില്‍ സത്യം കണ്ടെത്താനും സംശയങ്ങള്‍ ദൂരീകരിക്കാനും സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തെ സുപ്രിംകോടതി തന്നെ നിയോഗിക്കണം.
അന്വേഷണ സംഘത്തിലുണ്ടായിരിക്കേണ്ട ഉദ്യോഗസ്ഥരെ കോടതി തിരഞ്ഞെടുക്കണമെന്നും സിബല്‍ പറഞ്ഞു. ടുജി സ്‌പെക്ട്രം കേസില്‍ സുപ്രിംകോടതിക്ക് വിശ്വാസ്യതയുള്ള പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച പോലെ സുപ്രിംകോടതിയിലെ മൂന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ ഈ കേസിന്റെ മേല്‍നോട്ടം വഹിക്കണമെന്ന് സിബല്‍ കൂട്ടിച്ചേര്‍ത്തു. ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ ഇക്കാര്യം പറഞ്ഞത്.

RELATED STORIES

Share it
Top