ജ. കര്‍ണന് തടവറ : സിറ്റിങ് ജഡ്ജി ശിക്ഷിക്കപ്പെടുന്നത് ചരിത്രത്തിലാദ്യംസിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണനെ കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതി ആറുമാസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. കര്‍ണനെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ പശ്ചിമ ബംഗാള്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി. അതേസമയം, തിങ്കളാഴ്ച രാത്രിയോടെ കര്‍ണന്‍ കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് പോയതായി റിപോര്‍ട്ടുകളുണ്ട്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അടക്കം ഏഴ് ജഡ്ജിമാര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് തടവുശിക്ഷ വിധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കര്‍ണന്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമായിരുന്നു കര്‍ണന്റെ വിധി. ഇതിനു പിന്നാലെയാണ് കര്‍ണനെതിരേ സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കര്‍ണന്റെ നടപടി കോടതിയലക്ഷ്യത്തിന്റെ ഏറ്റവും ഗൗരവമേറിയ രൂപമാണെന്നും ചെയ്തത് ഏറ്റവും ഗുരുതരവും ഗൗരവമേറിയതുമായ കുറ്റമാണെന്നും കോടതി വ്യക്തമാക്കി. കര്‍ണന്റെ പ്രസ്താവനകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ച് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിന്നസ്വാമി സ്വാമിനാഥന്‍ കര്‍ണന്‍ എന്ന 62കാരനായ ജസ്റ്റിസ് സി എസ് കര്‍ണന്‍ ജൂണ്‍ 11ന് വിരമിക്കാനിരിക്കെയാണ് പരമോന്നത കോടതിയുടെ ചരിത്രപ്രധാനമായ വിധി. ഒരു ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെ തടവുശിക്ഷയ്ക്കു വിധിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. ഒരു സിറ്റിങ് ജഡ്ജിയെ ശിക്ഷിക്കുന്നത് ഒഴിവാക്കിക്കൂടേ എന്നും കര്‍ണനെ ഇപ്പോള്‍ ജയിലിലടയ്ക്കുന്നത് ജുഡീഷ്യറിയുടെ ചരിത്രത്തില്‍ കളങ്കമാവുമെന്നും അദ്ദേഹം വിരമിച്ചതിനുശേഷം ജയിലിലടച്ചാല്‍ പോരേയെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ ചോദിച്ചെങ്കിലും പോരെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഖെഹാറിന്റെ മറുപടി. ഹൈക്കോടതിയിലെ ഒരു സിറ്റിങ് ജഡ്ജിയെ സുപ്രിംകോടതിക്ക് ശിക്ഷിക്കാമോ എന്ന വേണുഗോപാലിന്റെ ചോദ്യത്തിന്, അദ്ദേഹവും പൗരനാണെന്നായിരുന്നു ജസ്റ്റിസ് പി സി ഘോഷിന്റെ പ്രതികരണം. കര്‍ണനെ ജയിലില്‍ അടച്ചില്ലെങ്കില്‍ ഒരു ന്യായാധിപന്‍ ഉള്‍പ്പെട്ട കോടതിയലക്ഷ്യക്കേസില്‍ കണ്ണടച്ചുവെന്ന കളങ്കം സുപ്രിംകോടതിക്കുമേല്‍ ഉണ്ടാവും. കോടതിയലക്ഷ്യക്കേസുകളില്‍ സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തമായി ന്യായാധിപര്‍ക്ക് പ്രത്യേക പരിഗണനയില്ലെന്നും കോടതി വ്യക്തമാക്കി.കര്‍ണന്റെ മാനസികനില പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പരിശോധനയ്‌ക്കെത്തിയ സംഘത്തെ കര്‍ണന്‍ മടക്കിയയക്കുകയായിരുന്നു. കര്‍ണന് മാനസികപ്രശ്‌നങ്ങളില്ലെന്നു പ്രഖ്യാപിച്ച ശേഷമാണ് സുപ്രിംകോടതി അദ്ദേഹത്തിന് തടവുശിക്ഷ വിധിച്ചത്. മദ്രാസ് ഹൈക്കോടതിയിലെയും സുപ്രിംകോടതിയിലെയും സിറ്റിങ് ജഡ്ജിമാരും വിരമിച്ചവരുമടക്കം 20 ജഡ്ജിമാര്‍ക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച് ജനുവരി 23ന് പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചതോടെയാണ് കര്‍ണനും പരമോന്നത കോടതിയും തമ്മിലുള്ള വിവാദങ്ങള്‍ ആരംഭിച്ചത്. കര്‍ണന്‍ കോടതിയലക്ഷ്യം നടത്തിയതായി ഫെബ്രുവരി എട്ടിന് സുപ്രിംകോടതി കണ്ടെത്തി. കോടതിയലക്ഷ്യത്തിന് വിശദീകരണം നല്‍കണമെന്ന് സുപ്രിംകോടതി നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കോടതി ഉത്തരവുകള്‍ നിരസിക്കുകയായിരുന്നു. മാര്‍ച്ച് 10ന് സുപ്രിംകോടതി കര്‍ണനെ ജുഡീഷ്യല്‍ സ്ഥാനത്തുനിന്ന് നീക്കുകയും അദ്ദേഹത്തിനെതിരേ ജാമ്യത്തോടുകൂടിയ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍, വാറന്റ് സ്വീകരിക്കാന്‍ തയ്യാറാവാത്ത കര്‍ണന്‍, താന്‍ ദലിതനായതിനാലാണ് തന്നെ ഒറ്റപ്പെടുത്തുന്നതെന്ന് ആരോപിച്ചിരുന്നു.

RELATED STORIES

Share it
Top