ജ്വല്ലറി കവര്‍ച്ച ആസൂത്രണം ചെയ്തത് ആറുമാസം മുമ്പ്

പഴയങ്ങാടി: പട്ടാപ്പകല്‍ പഴയങ്ങാടി ബസ്‌സ്റ്റാന്റിലെ അല്‍ ഫത്തീബി ജ്വല്ലറിയില്‍നിന്ന് 3.7 കിലോ സ്വര്‍ണാഭരണങ്ങളും രണ്ടുലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. മുഖ്യസൂത്രധാരനും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനുമായ പുതിയങ്ങാടി മൊട്ടാമ്പ്രത്തെ ചോട്ട റഫീഖ് എന്ന എ പി റഫീഖ് (41), പുതിയങ്ങാടി പോസ്റ്റ് ഓഫിസിന് സമീപം കെ വി എന്‍ ഡക്കറേഷന്‍ ഉടമ കെ വി നൗഷാദ്(36) എന്നിവരെയാണ് ഇന്നലെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘത്തലവനായ തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ കോടതിയില്‍ അപേക്ഷ നല്‍കും.
ആറുമാസമായി ജ്വല്ലറി കവര്‍ച്ച ചെയ്യാനുള്ള പദ്ധതിയുമായി ഇവര്‍ കറങ്ങിനടക്കുകയായിരുന്നുവെന്ന് ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊട്ടിക്കാന്‍ എളുപ്പമായ സെന്റര്‍ ലോക്കില്ലാത്ത ജ്വല്ലറി കണ്ടെത്താനായിരുന്നു ശ്രമം. അങ്ങനെയാണ് അല്‍ഫത്തീബി ജ്വല്ലറി തിരഞ്ഞെടുത്തത്. ഇതിനായി റമദാനിലെ അവസാന വെള്ളിയാഴ്ച ജുമുഅ സമയം കണ്ടെത്തി. ധൃതിപിടിച്ച് ജ്വല്ലറി അടച്ചുപോവുന്ന ഉടമ സ്വര്‍ണാഭരണങ്ങള്‍ മാറ്റിവയ്ക്കാറില്ലെന്നും ഇവര്‍ മനസ്സിലാക്കി.
കവര്‍ച്ച നടത്താനായി കഴിഞ്ഞ ഡിസംബറിലാണ് ഒരു വെള്ള ആക്‌സിസ് സ്‌കൂട്ടര്‍ റഫീഖ് മോഷ്ടിച്ചത്. തളിപ്പറമ്പില്‍നിന്ന് കറുത്ത പെയിന്റ് വാങ്ങി സ്‌കൂട്ടറിന്റെ നിറംമാറ്റി വീടിനു പിറകില്‍ സൂക്ഷിച്ചു. സംഭവദിവസം റഫീഖ് തന്റെ ഡസ്റ്റര്‍ കാറിലും നൗഷാദ് പള്‍സര്‍ ബൈക്കിലും പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെത്തി. ഇതിനകം ഒരു പെയിന്റിങ് ജോലിക്കാരനില്‍നിന്ന് ബ്രഷും ബക്കറ്റും ഇവര്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് കറുത്ത സ്‌കൂട്ടറിലാണ് ജ്വല്ലറിയിലെത്തിയത്.
പന്തല്‍ പണിക്കാരനായ നൗഷാദ് ആയുധങ്ങള്‍ ഉപയോഗിച്ചാണ് പൂട്ട് തകര്‍ത്തു. റഫീഖ് അകത്തുകയറുകയും നൗഷാദ് വെളിയില്‍ കാവല്‍ നില്‍ക്കുകയും ചെയ്തു.
10 മിനുട്ട് കഴിഞ്ഞപ്പോള്‍ ജ്വല്ലറിയിലേക്കുള്ള ഗ്ലാസുകളുമായി ഓട്ടോറിക്ഷക്കാരന്‍ അവിടെയെത്തി. ഉടമ പള്ളിയില്‍ പോയതാണെന്നു പറഞ്ഞ് സാധനം വാങ്ങിവച്ച് ഓട്ടോറിക്ഷക്കാരനെ പറഞ്ഞയച്ചു. ജ്വല്ലറിയില്‍ എട്ടുകിലോ സ്വര്‍ണം ഉണ്ടായിരുന്നെങ്കിലും 2.850 കിലോ സ്വര്‍ണവും 185000 രൂപയും മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. ഇതുമായി സ്‌കൂട്ടറില്‍ റഫീഖിന്റെ വീട്ടിലെത്തി സ്വര്‍ണം അവിടെ സൂക്ഷിച്ചു. കവര്‍ച്ചാവിവരം ചോരാതിരിക്കാന്‍ റഫീഖ് ഭാര്യയെ തലേന്നു തന്നെ ചപ്പാരപ്പടവ് പെരുവണയിലെ വീട്ടിലേക്ക് അയച്ചിരുന്നു.
പിന്നീട് തളിപ്പറമ്പിലെ കടയില്‍നിന്ന് അളവുതൂക്ക മെഷീന്‍ വാങ്ങി തിരിച്ചെത്തി സ്വര്‍ണം തുല്യ അളവില്‍ പങ്കുവച്ചു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച സ്‌കൂട്ടര്‍ പിറ്റേദിവസം പാലക്കാട്ടേക്ക് കൊണ്ടുപോയി പുഴയില്‍ തള്ളി. സംഭവദിവസം പ്രതികള്‍ ജുമുഅ നമസ്‌കരിക്കാന്‍ ഉണ്ടായിരുന്നില്ലെന്ന് ഇരുവരും താമസിക്കുന്ന പ്രദേശത്തെ ജുമാ മസ്ജിദ് ഭാരവാഹികളെ വിളിച്ചുവരുത്തി ഉറപ്പുവരുത്തി. ചോദ്യംചെയ്യലില്‍ പ്രതികള്‍ കളവുപറയാന്‍ ശ്രമിച്ചെങ്കിലും സാഹചര്യത്തെളിവുകളും സിസിടിവി ദൃശ്യങ്ങളും ഇവര്‍ക്കെതിരായി. ഡസ്റ്റര്‍ കാറിന്റെയും സ്‌കൂട്ടറിന്റെയും ദൃശ്യങ്ങള്‍ നേരത്തെ കവര്‍ച്ചാ ശ്രമത്തിനിടയില്‍ നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നു. ചിത്രത്തിലുള്ളത് റഫീഖാണെന്ന അയല്‍വാസിയായ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മൊഴിയും നിര്‍ണായകമായി.

RELATED STORIES

Share it
Top