ജ്വല്ലറികളില്‍ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

പൊന്നാനി: ജ്വല്ലറിയില്‍നിന്നു ആഭരണം കവര്‍ച്ച നടത്തുന്ന സംഘത്തലവനെ പിടികൂടി. തമിഴ്‌നാട് ശിവഗംഗ ജില്ലയില്‍ മാവട്ടം ഫക്കീര്‍ ഹസ്സന്‍ (36)നെയാണ് പുത്തന്‍പള്ളി പാറയില്‍ നിന്നു പിടികൂടിയത്. സിസി ടിവി ഇല്ലാത്ത സ്വര്‍ണക്കടകള്‍ കണ്ടെത്തി കവര്‍ച്ച നടത്തുകയാണ് ശൈലി.
ആറുമാസം മുമ്പ് പുത്തന്‍പള്ളി പാറയിലെ അനുഗ്രഹ ജ്വല്ലറിയില്‍ രണ്ടുപേര്‍ എത്തി  ചെറിയ മോതിരം വാങ്ങി. ജീവനക്കാരന്‍ പ്രദര്‍ശനത്തിനായി കൂടുതല്‍ ആഭരണം എടുക്കുന്നതിനിടെ ഇവര്‍ സ്വര്‍ണാഭരണം കവര്‍ന്നിരുന്നു. പെരുമ്പടപ്പ് പോലിസ് സമീപത്തെ കടയില്‍നിന്നു സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും കവര്‍ച്ച നടത്തിയവരെ കണ്ടെത്താനായിരുന്നില്ല.
കൊണ്ടോട്ടിയില്‍ സമാനരീതിയില്‍ 15പവന്‍ സ്വര്‍ണാഭരണം കവര്‍ന്നതോടെ പെരുമ്പടപ്പ് എസ്‌ഐ കൊണ്ടോട്ടി പോലിസുമായി ബന്ധപ്പെട്ട് സിസിടിവിയില്‍ നിന്നു ലഭിച്ച ഫോട്ടോയുമായി താരതമ്യം ചെയ്തു. വെള്ളിയാഴ്ച ഫക്കീര്‍ ഹസ്സന്‍ പാറയിലെ അനുഗ്രഹ ജ്വല്ലറിക്ക് സമീപം എത്തിയതോടെ കടയിലെ ജീവനക്കാര്‍ പോലിസിന് വിവരം നല്‍കുകയായിരുന്നു.
എസ്‌ഐ വിനോദിന്റെ നേതൃത്വത്തില്‍ പോലിസ് എത്തി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. കൂട്ടുകാരന്‍ നിസാര്‍ രക്ഷപ്പെട്ടു.

RELATED STORIES

Share it
Top