ജ്വല്ലറികളില്‍ മോഷണം: തമിഴ്‌നാട് സ്വദേശിയും കൂട്ടാളിയും പിടിയില്‍

കൊണ്ടോട്ടി: ജ്വല്ലറികളില്‍ സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേന കയറി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണം നടത്തുന്ന രണ്ടംഗസംഘം കൊണ്ടോട്ടി പോലിസിന്റെ പിടിയിലായി. തമിഴ്‌നാട് തിരുപ്പത്തൂര്‍ സ്വദേശി ഫക്കീര്‍ ഹസന്‍(42), കൂട്ടാളി ഷൊര്‍ണൂര്‍ സ്വദേശി ചന്ദ്രന്‍ എന്ന മജീദ്(52) എന്നിവരെയാണ് കൊണ്ടോട്ടി പോലിസ് അറസ്റ്റ് ചെയ്തത്. നാലുമാസം മുമ്പ് കൊണ്ടോട്ടിയിലെ പ്രിന്‍സ് ജ്വല്ലറിയില്‍ നിന്ന് ഏഴു പവന്‍ സ്വര്‍ണം മോഷണംപോയ സംഭവത്തിന്റെ അന്വേഷണത്തിനിടെയാണ് ഇവര്‍ പിടിയിലായത്.
2016ല്‍ പെരുമ്പടപ്പ് അനുഗ്രഹ ജ്വല്ലറിയില്‍ നിന്നു നാലുപവനും പരപ്പനങ്ങാടി അച്ചൂട്ടി സണ്‍സില്‍ നിന്ന് 12 പവനും ഇരുവരും ചേര്‍ന്നു മോഷ്ടിച്ചിരുന്നു. കൊണ്ടോട്ടി ജ്വല്ലറിയിലെ സിസിടിവിയില്‍ നിന്ന് ഇരുവരുടെയും ദൃശ്യം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം പെരുമ്പടപ്പില്‍ വച്ചാണ് ഫക്കീര്‍ ഹസന്‍ പോലിസിന്റെ പിടിയിലാവുന്നത്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷൊര്‍ണൂര്‍ സ്വദേശി മജീദ് അറസ്റ്റിലായത്.
സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറികളിലെത്തുകയും തുടര്‍ന്ന് കടകളി ല്‍ തിരക്കേറുന്ന സമയത്ത് സ്വര്‍ണം മോഷ്ടിച്ചു രക്ഷപ്പെടുന്നതുമാണ് ഇവരുടെ രീതിയെന്ന് കൊണ്ടോട്ടി സിഐ എം മുഹമ്മദ് ഹനീഫ പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണം ഇടനിലക്കാര്‍ക്കാണ് വില്‍പന നടത്തുന്നത്. മോഷ്ടിച്ച സ്വര്‍ണം പോലിസ് കണ്ടെടുത്തു. പ്രതികളുമായി മൂന്നിടങ്ങളിലും തെളിവെടുപ്പു നടത്തി.
എസ്‌ഐ കെ ആര്‍ രഞ്ജിത്, എഎസ്‌ഐ അയ്യപ്പന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ മോഹന്‍ദാസ്, അബ്ദുല്‍ സലീം, സിവില്‍ പോലിസ് ഓഫിസര്‍മാരായ സത്താര്‍, സജിത്ത്, തൗഫീഖ്, സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top